Connect with us

National

സംസ്ഥാന മന്ത്രിക്ക് ഒരു കോടിയിലേറെ ചെലവഴിച്ച് വിദേശത്ത് ചികിത്സ: കര്‍ണാടക സര്‍ക്കാര്‍ വിവാദത്തില്‍

Published

|

Last Updated

ബംഗളൂരു: സംസ്ഥാന മന്ത്രിയുടെ ചികിത്സക്ക് വിദേശത്ത് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു കോടിയിലേറെ രൂപ ചെലവഴിച്ചത് കര്‍ണാടക സര്‍ക്കാറിനെ വിവാദച്ചുഴിയിലാക്കി. സംസ്ഥാന ഭവന മന്ത്രിയും സിനിമാ നടനുമായ അംബരീഷിന്റെ ചികിത്സക്ക് വന്‍ തുക ചെലവഴിച്ചതാണ് സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശത്തിനിടയാക്കിയത്.
61 കാരനായ അംബരീഷ് ഫെബ്രുവരിയിലാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 1.16 കോടി രൂപ വരുന്ന ചികിത്സയുടെ മുഴുവന്‍ തുകയും നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ് വിവാദമുയരാന്‍ കാരണം. രാജ്യത്ത് ചികിത്സയുള്ള സാധാരണ അസുഖങ്ങള്‍ക്ക് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരമാവധി അഞ്ച് ലക്ഷം രൂപ വരെ ചെലവഴിക്കാമെന്നാണ് മെഡിക്കല്‍ അറ്റന്‍ഡന്‍സ് റൂളില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇതിന് വിരുദ്ധമായി സര്‍ക്കാര്‍ വന്‍ തുക ചെലഴിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജഗദീഷ് ഷെട്ടര്‍ കുറ്റപ്പെടുത്തി. ഇത് പുതിയ സംഭവമല്ലെന്നും എന്നാല്‍ ചികിത്സക്ക് ചെലവായ തുകയില്‍ എത്ര രൂപ തിരിച്ചു നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയാണ് പതിവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം എത്ര തുക ചെലവഴിക്കണമെന്നത് സര്‍ക്കാറിന്റെ വിവേചനാധികാരമാണെന്ന് ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ചില പ്രത്യേക സാഹചര്യങ്ങളില്‍ സര്‍ക്കാറിന് ഇങ്ങനെ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. അംബരീഷ് കര്‍ണാടകയുടെ മുതല്‍ക്കൂട്ടാണെന്നും മുന്‍ കേന്ദ്രമന്ത്രിയായ അദ്ദേഹത്തിന് ചികിത്സക്ക് സൗകര്യം ചെയ്തു കൊടുക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണെന്നും സംസ്ഥാന ഊര്‍ജമന്ത്രി ശിവകുമാര്‍ പറഞ്ഞു.

Latest