Connect with us

International

കുഞ്ഞുങ്ങളുടെ ഒളിച്ചുകളി എങ്ങനെയാണ് പ്രകോപനമാകുന്നത്?

Published

|

Last Updated

എങ്ങനെ സഹിക്കും: ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട നാല് സഹോദരന്‍മാരുടെ മയ്യിത്ത് കണ്ട് പൊട്ടിക്കരയുന്ന കൂട്ടുകാര്‍

ഗാസ സിറ്റി: കടലോരത്തെ ആ

ഗാസ സിറ്റി: കടലോരത്തെ ആ പിഞ്ചുകുഞ്ഞുങ്ങളുടെ ഒളിച്ചു കളിയാണോ ഇസ്‌റാഈല്‍ വ്യോമ സേനയെ പ്രകോപിപ്പിച്ചത്. അതോ അവര്‍ അല്‍പ്പനേരം ഫുട്‌ബോള്‍ കളിച്ചതോ? ഗാസ ബീച്ചില്‍ ഒരു കുടുംബത്തിലെ സഹോദരന്‍മാരായ നാല് കുട്ടികള്‍ക്ക് മേല്‍ ഷെല്ലാക്രമണം നടത്തുമ്പോള്‍ പോലും ഇസ്‌റാഈല്‍ സൈനികരുടെ മനസ്സ് പതറിയില്ല. ഏറ്റവും ഒടുവില്‍ ഈ നാല് കുട്ടികളെ കൊന്ന സംഭവം ലോക ജനതക്ക് കനത്ത ആഘാതമായിരിക്കുകയാണ്.
തെളിഞ്ഞ കാലാവസ്ഥയും അസ്തമയ സൂര്യന്റെ ശോണിമയുമുള്ള വൈകുന്നേരം നാല് മണിക്കാണ് കടലോരത്തെ മണല്‍ത്തരികള്‍ക്ക് മേല്‍ ആ പിഞ്ചുകുഞ്ഞുങ്ങളുടെ ചോര ചിന്തിയത്. കുട്ടികളുടെ സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ ജീവനില്‍ കൊതിച്ച് ഓടി അടുത്ത ഹോട്ടലില്‍ കയറി. അവിടെ താമസിച്ചരുന്ന മാധ്യമപ്രവര്‍ത്തകരും മറ്റുള്ളവരും ഇവരെ ആശുപത്രിയിലാക്കി. നാല്‍വര്‍ സംഘത്തിലെ ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റ് മൂന്ന് പേര്‍ ആശുപത്രിയിലും. 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ ഫുട്‌ബോളും ഒളിച്ചുകളിയും കളിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അത്യന്താധുനിക ഉപകരണങ്ങള്‍ സ്വന്തമായുണ്ടായിട്ടും ബീച്ചിലൂടെ ഓടുന്നത് കുട്ടികളാണെന്ന് തിരിച്ചറിഞ്ഞില്ലയെന്നത് നാണക്കേടാണെന്ന് ലോകമൊന്നടങ്കം പറയുന്നു. ആയുധങ്ങളൊന്നുമില്ലാത്ത ബീച്ചില്‍ എന്തിന് ആക്രമണം നടത്തിയെന്ന് മത്സ്യത്തൊഴിലാളികള്‍ ചോദിക്കുന്നു. ബീച്ചില്‍ കുട്ടികള്‍ കളിക്കുന്നത് സാധാരണയാണെന്നും കഫേകളിലും മറ്റുമുള്ള ജീവനക്കാര്‍ എത്തിയാണ് മറ്റൊരു ഷെല്ലാക്രമണത്തില്‍ നിന്ന് മുറിവേറ്റ് വീണ് കിടക്കുന്ന കുട്ടികളെ രക്ഷിച്ചതെന്നും ദൃക്‌സാക്ഷികള്‍ വിവരിക്കുമ്പോള്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ രക്തമുറക്കുന്ന ക്രൂരതകളാണ് അനാവൃതമാകുന്നത്.

Latest