ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവം: വ്യാപക പ്രതിഷേധം

Posted on: July 18, 2014 12:44 am | Last updated: July 18, 2014 at 12:44 am

CHILD RAPE NEWബംഗളൂരു: ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ബംഗളൂരുവിലെ സ്‌കൂളില്‍ കൂട്ട ബലാത്സംഗത്തിനിരയായതില്‍ വ്യാപക പ്രതിഷേധം. ആറ് വയസ്സ് മാത്രം പ്രായമുള്ള കുരുന്ന് പെണ്‍കുട്ടിയെയാണ് കിഴക്കന്‍ ബംഗളൂരുവിലെ സ്‌കൂളില്‍ രണ്ട് പേര്‍ ബലാത്സംഗം ചെയ്തത്. കുണ്ടലഹള്ളി ഗേറ്റിനടുത്ത് വര്‍ത്തൂര്‍ – ഹരലൂര്‍ റോഡിലെ വിബ്ജിയോര്‍ സ്‌കൂളിലെ ജീവനക്കരാണ് നാടിനെ നടുക്കിയ കൃത്യം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്ലാസ് നടക്കുമ്പോള്‍ സ്‌കൂള്‍ പരിസരത്തായിരുന്നു പീഡനം. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലെ ജിം പരിശീലകനെയും സുരക്ഷാ ഗാര്‍ഡിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേരും കുറ്റസമ്മതം നടത്തിയതായാണ് സൂചന.
സംഭവം മൂടിവെക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് സ്‌കൂളിന് പുറത്ത് രക്ഷിതാക്കളുടെ പ്രതിഷേധം അരങ്ങേറി. സംഭവം നടന്നിട്ടും രക്ഷിതാക്കളെ അറിയിക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തിയതായും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി. ഈ മാസം രണ്ടിനാണ് സംഭവം നടന്നത്. മാതാപിതാക്കളോട് കുട്ടി സംഭവം പറഞ്ഞിരുന്നില്ല. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് വിവരം അറിയുന്നത്. കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂള്‍ പരിസരം പ്രതിഷേധിക്കാനുള്ള വേദിയല്ലെന്നും പരാതികള്‍ ബോധിപ്പിക്കാന്‍ ഇ മെയില്‍ വിലാസമുണ്ടെന്നുമായിരുന്നു പ്രസിന്‍സിപ്പലിന്റെ നിലപാട്.
ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ഈ സംഭവം മാനസികമായും ശാരീരികമായും തകര്‍ത്തിട്ടുണ്ട്. പോലീസിന്റെ മൊഴിയെടുക്കലും മെഡിക്കല്‍ പരിശോധനയുമെല്ലാം കുട്ടിയെ വിഭ്രാന്തിയിലാക്കി. കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനു ശേഷമേ വ്യക്തമായ മൊഴിയെടുക്കാനാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. ഒഡിഷക്കാരനായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മകള്‍ക്കാണ് ദുരനുഭവമുണ്ടായത്.
പ്രതികളെ തിരിച്ചറിയാന്‍ പോലീസ് നടപടികള്‍ കൈക്കൊള്ളുന്നുണ്ട്.