ഭൂപരിഷ്‌കരണ ഭേദഗതി ബില്‍ പാസാക്കി

Posted on: July 18, 2014 12:37 am | Last updated: July 18, 2014 at 12:37 am

തിരുവനന്തപുരം: മിച്ച ഭൂമിയാണെന്നറിയാതെ വാങ്ങി കൈവശം വെക്കുന്ന നാല് ഏക്കര്‍ വരെയുള്ള ഭൂമിക്ക് പട്ടയം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭൂപരിഷ്‌കരണ ഭേദഗതി നിയമം നിയമസഭ പാസ്സാക്കി. ഭൂപരിഷ്‌കരണ ആക്ട് പ്രാബല്യത്തില്‍ വന്ന 1963നും ഭേദഗതി നിലവില്‍ വന്ന 2005നും ഇടയില്‍ വില കൊടുത്ത് വാങ്ങിയോ അല്ലാതെയോ സ്വന്തമാക്കിയ മിച്ചഭൂമിയാണ് കൈവശം വെക്കാന്‍ അനുമതിയുള്ളത്. നിലവില്‍ പത്ത് ഏക്കര്‍ വരെ മിച്ചഭൂമി കൈവശം വെക്കാന്‍ അനുമതിയുണ്ടെങ്കിലും ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്കും സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭൂമി ലഭ്യമല്ലാതായതോടെയാണ് നിയമഭേദഗതി കൊണ്ടുവന്നത്.
തോട്ടഭൂമിയുടെ അഞ്ച് ശതമാനം ടൂറിസം ഉള്‍പ്പെടെ മറ്റാവശ്യങ്ങള്‍ക്ക് നല്‍കിയത് ദുരുപയോഗപ്പെടുത്തുകയും ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇളവ് നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഭേദഗതിയും ബില്ലിലുണ്ട്.
നേരത്തെ കൊണ്ടുവന്ന നിയമഭേദഗതി അനുസരിച്ച് തോട്ടഭൂമിയുടെ അഞ്ച് ശതമാനം ഉദ്യാനം, വാനില, ഔഷധം തുടങ്ങിയ കൃഷി ആവശ്യങ്ങള്‍ക്കും ഹോട്ടലുകള്‍ റിസോര്‍ട്ടുകള്‍ എന്നിവക്കും ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതില്‍ ഡയറി ഫാമുകളെ കൂടി ഉള്‍പ്പെടുത്തി. ഇളവ് നല്‍കിയത് പരിസ്ഥിതി സംരക്ഷണവുമായും മലിനീകരണ നിയന്ത്രണം, വനസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ടും രൂക്ഷമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും വിധം തോട്ടങ്ങള്‍ പരിവര്‍ത്തനപ്പെടുത്തുന്ന സാഹചര്യത്തിലുമാണ് നിയന്ത്രണം.