Connect with us

Ongoing News

റബര്‍ സംഭരണത്തിന് 30 കോടി

Published

|

Last Updated

തിരുവനന്തപുരം: റബര്‍ സംഭരണത്തിന് 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എം മാണി. നിയമസഭയില്‍ ധനവിനിയോഗബില്ലിന്മേല്‍ നടന്ന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
റബര്‍ ഇറക്കുമതിയെ തുടര്‍ന്നുള്ള വിലയിടിവിനെ തുടര്‍ന്ന് 2013-14 വര്‍ഷത്തില്‍ 200 കോടിയുടെ നികുതി നഷ്ടമുണ്ടായി. റബര്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ റബര്‍ സംഭരണം കാര്യക്ഷമമാക്കേണ്ടതുണ്ട്. അതിനായി പല നടപടികളും സ്വീകരിക്കേണ്ടതുണ്ട് അതിന് പണത്തിന്റെ ആവശ്യം ഒരുപാടുണ്ട്. ഇതുകണ്ടെത്താന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍.
ഇതിനാവശ്യമായ പണം സഹകരണസ്ഥാപനങ്ങളില്‍ നിന്ന് എടുക്കാനാണ് സര്‍ക്കാര്‍ ആലോചിച്ചത്. എന്നാല്‍ സുപ്രീംകോടതിയുടെ വിലക്ക് വന്നതോടെ ഇതു നടക്കാതെയായി.
ഈ സാഹചര്യത്തിലാണ് സാമ്പത്തിക പ്രസിസന്ധിക്കിടയിലും റബര്‍ സംഭരണത്തിന് 30 കോടി അനുവദിക്കുന്നത്. സംഭരണ ഏജന്‍സികള്‍ ജാഗ്രതയോടെ മുന്നോട്ടുവരണം.
സഹകരണമന്ത്രി ഇടപെട്ട് ഏജന്‍സികളുടെ യോഗം വിളിക്കണമെന്നും ഈ യോഗത്തിലേക്ക് വിളിച്ചാല്‍ താനും പങ്കെടുക്കുമെന്നും മാണി പറഞ്ഞു.
പതിനഞ്ചുവര്‍ഷം വരെയുള്ള കേസുകളാണ് കോടതികളില്‍ കെട്ടിക്കിടക്കുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ കേസുകള്‍ തീര്‍പ്പാക്കണമെന്നാണ് സര്‍ക്കാറിന്റെ പുതിയ വ്യവഹാര നയം. എന്നാല്‍ സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ ഇതു യാഥാര്‍ത്ഥ്യമാകില്ല.
അഭിഭാഷകരും കോടതികളും ബന്ധപ്പെട്ട ഏജന്‍സികളും ചേര്‍ന്ന് ഇതിനായി പ്രവര്‍ത്തിക്കണം. കര്‍ഷകക്ഷേമ പെന്‍ഷന്‍ കുടിശിക ഉടന്‍ കൊടുത്തുതീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

Latest