വിവാഹ മോചനം നേടുമ്പോള്‍ ഭാര്യക്ക് ജീവനാംശം നല്‍കണമെന്ന് സുപ്രീംകോടതി

Posted on: July 17, 2014 11:55 am | Last updated: July 18, 2014 at 12:45 am

supreme courtന്യുഡല്‍ഹി: വിവാഹമോചനം നേടുമ്പോള്‍ ഭര്‍ത്താവ് ഭാര്യയ്ക്ക് നിര്‍ബന്ധമായും ജീവനാംശം നല്‍കണമെന്ന് സുപ്രീം കോടതി. ഭര്‍ത്താവിനൊപ്പം കഴിഞ്ഞ സൗകര്യങ്ങളോടെ വിവാഹ മോചനത്തിന് ശേഷവും കഴിയാന്‍ സ്ത്രീയ്ക്ക് അധികാരമുണ്ട്. മുന്‍ ഭാര്യക്ക് ജീവാനാംശം നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ രാജസ്ഥാന്‍ സ്വദേശി നല്‍കിയ ഹര്‍ജി തളളികൊണ്ടാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

വിവാഹമോചനം നേടുമ്പോള്‍ ജീവനാംശം നല്‍കുന്നതില്‍ നിന്ന് രക്ഷപ്പെടാനാകില്ല. പണമില്ലെങ്കില്‍ അധ്വാനിച്ചായാലും സഹായം നല്‍കാനുളള തുക കണ്ടെത്തണം. വേര്‍പിരിഞ്ഞ ശേഷം ഭാര്യയെ പട്ടിണിയിലേക്കും ദാരിദ്രത്തിലേക്കും തളളിവിടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിവാഹമോചനക്കേസുകളില്‍ കക്ഷികളുടെ സാമൂഹ്യപദവി കൂടി നോക്കി വേണം ജീവാനാശം നിശ്ചയിക്കാനെന്നും സുപ്രീം കോടതി വ്യക്തമാക്കി.

രാജസ്ഥാന്‍ സ്വദേശി ഹര്‍ജി നല്‍കി 9 വര്‍ഷത്തിനു ശേഷമാണ് വിവാഹമോചനകേസ് രാജസ്ഥാനിലെ കുടുംബകോടതി തീര്‍പ്പാക്കിയത്. കുടുംബകോടതിയിലെ കേസുകളില്‍ കാലതാമസം ഉണ്ടാകുന്നത് മനുഷ്യാവകാശ ലംഘനത്തോടോപ്പം വ്യക്തികളുടെ മാന്യതയ്ക്കും വിരുദ്ധമാണ്. വിവാഹമോചനം, ജീവനാശം ,സ്വത്ത്തര്‍ക്കം, കുട്ടികളെ വിട്ടുകിട്ടല്‍,എന്നിവയുമായി ബന്ധപ്പെട്ട് രാജ്യത്തെ കുടുംബകോടതികളുടെ പരിഗണനയിലുളള എല്ലാ കേസുകളും ഉടന്‍ തീര്‍പ്പാക്കണമെന്നും ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് ഉത്തരവിട്ടു.