Connect with us

Kerala

പച്ചക്കറി തൊട്ടാല്‍ പൊള്ളും

Published

|

Last Updated

മലപ്പുറം:ജനങ്ങളുടെ പോക്കറ്റ് കാലിയാക്കി പച്ചക്കറി വില കുതിക്കുന്നു. സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന വിധത്തിലാണ് വില വര്‍ധനവുണ്ടായിരിക്കുന്നത്. എല്ലാതരം പച്ചക്കറികള്‍ക്കും വലിയ തോതില്‍ വില കൂടിയിട്ടുണ്ട്.

തക്കാളിക്ക് ഓരോ ദിവസവും വില കൂടുകയാണ്. ഇന്നലെ മാത്രം എട്ട് രൂപയാണ് തക്കാളിക്ക് വില വര്‍ധിച്ചത്. 28 രൂപയായിരുന്നു നാല് ദിവസം മുമ്പ് തക്കാളിക്ക് വിലയുണ്ടായിരുന്നത്. ഇന്നലെയത് കിലോക്ക് 48 രൂപയായി കുതിച്ച് കയറി. സവാളയും വിലയില്‍ ഒട്ടും പിറകിലല്ല. 30 രൂപയുണ്ടായിരുന്ന സവാള നാല് രൂപ വര്‍ധിച്ച് 34 രൂപയായി ഉയര്‍ന്നു. ചെറിയ ഉള്ളി 30 രൂപയായി ഉയര്‍ന്നപ്പോള്‍ പച്ചമുളകിന് കിലോക്ക് 70 രൂപ നല്‍കണം. കാരറ്റ് 54 രൂപയും ബീന്‍സിന് 60 രൂപയുമാണ് ഇപ്പോഴത്തെ വില. പയര്‍ 30, ചെറുനാരങ്ങ 50, ബീറ്റ്‌റ്യൂട്ട് 40, ഉരുളക്കിഴങ്ങ് 34, മത്തന്‍ 28, കൈപ്പ 48, വെള്ളരി 20 എന്നിങ്ങനെയാണ് മറ്റ് ഇനങ്ങളുടെ വില.
ഒരാഴ്ചക്കിടയില്‍ മിക്ക ഇനങ്ങള്‍ക്കും രണ്ടിരട്ടിയോളം വില കൂടിയതായി വ്യാപാരികള്‍ പറയുന്നു. അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിനിടെയാണ് മലയാളികളുടെ വയറ്റത്തടിച്ച് പച്ചക്കറി വിലയും റോക്കറ്റ് പോലെ കുതിക്കുന്നത്. റമസാനില്‍ പച്ചക്കറിക്ക് വില കൂടിയത് സാധാരണക്കാര്‍ക്കാണ് തിരിച്ചടിയാവുക.
അത്താഴ ഭക്ഷണങ്ങളില്‍ പച്ചക്കറി കൂടുതലായി ഉപയോഗപ്പെടുത്തുന്നവരാണ് മുസ്‌ലിംമത വിശ്വാസികള്‍. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് പച്ചക്കറി ഉല്‍പന്നങ്ങളെത്തുന്നത്. ഇവിടെ ആവശ്യത്തിന് ഉല്‍പാദനം നടക്കാത്തതും ഇന്ധന വില വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ചരക്ക് കൂലി കൂടിയതുമാണ് പച്ചക്കറിയുടെ വില ദിവസേനെയെന്നോണം വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ നേന്ത്രപ്പഴമൊഴികെയുള്ള പഴ വര്‍ഗങ്ങള്‍ക്ക് ചെറിയ തോതില്‍ വില കുറഞ്ഞിട്ടുണ്ട്. 40 രൂപയാണ് കിലോക്ക് നേന്ത്രപ്പഴത്തിന് വില. ഇത് ഇനിയും കൂടാനാണ് സാധ്യതയുള്ളത്.

Latest