Connect with us

Kozhikode

കാപ്പ: നടപടി ശക്തിപ്പെടുത്തും -ജില്ലാ കലക്ടര്‍

Published

|

Last Updated

കോഴിക്കോട്: സ്‌കൂള്‍ പരിസരത്ത് മയക്കുമരുന്ന് വില്‍പ്പനക്കെതിരെ പോലീസ് ഊര്‍ജിത നടപടി സ്വീകരിച്ചു വരുന്ന സാഹചര്യത്തില്‍ മയക്കുമരുന്ന് കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരെ കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ (കാപ്പ) പ്രകാരം ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പൊതുജനങ്ങളുടെ ആരോഗ്യത്തിനും ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിന്റെ പരിധിയില്‍ പെടുത്തി നടപടി സ്വീകരിക്കും.
അനധികൃത ഖനനം, സ്‌കൂള്‍ പരിസരത്തെ മയക്കുമരുന്ന് വില്‍പ്പന, കൊള്ളപ്പലിശ, മണല്‍കടത്ത്, പരിസ്ഥിതിനാശം, വനനശീകരണം എന്നിവയിലേര്‍പ്പെടുന്നവര്‍ക്കെതിരെ നിയമം പ്രയോഗിക്കും. ഇതിനായി വനം, എക്‌സൈസ് വകുപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളും പരിഗണിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തിയ തിരൂര്‍ സ്വദേശി പൂക്കോയയെ കോഴിക്കോട് ജില്ലാ കലക്ടര്‍ സി എ ലതയുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. കോഴിക്കോട് കസബ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണം, കഞ്ചാവ് കൈവശം വെക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് പലതവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടും ഇയാള്‍ നിരന്തരമായി ഇതേ സ്റ്റേഷന്‍ പരിധിയില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന കാര്യം ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.