ആരാധനയുടെ കാതല്‍

    Posted on: July 17, 2014 1:49 am | Last updated: July 17, 2014 at 1:49 am

    ramasan nilavഇബാദത്തുകള്‍ അനവധിയുള്ള മാസമാണ് റമസാന്‍. ആരാധനകള്‍ അല്ലാഹു എന്ന യാഥാര്‍ഥ്യത്തെ അറിഞ്ഞുകൊണ്ടാകണം. കേവലം ഗോഷ്ടികളാകരുത്. താന്‍ ഒരു അടിമയാണെന്നും തനിക്ക് ഒരു യജമാനനുണ്ടെന്നുമുള്ള തിരിച്ചറിവിലൂടെ മാനസിക സംതൃപ്തിയിലേക്കെത്താന്‍ നമുക്ക് സാധിക്കും.
    തനിക്ക് ഒരു അത്താണിയുണ്ടെന്ന് മനസ്സിലാക്കുന്ന മനുഷ്യന് സുരക്ഷിതത്വ ബോധമുണ്ടാകും. ഉറക്കമോ ക്ഷീണമോ മടിയോ മരണമോ ഇല്ലാത്ത ഒരു ശക്തിയുടെ സംരക്ഷണത്തിലാണ് താനെന്ന് ബോധ്യപ്പെടുന്നവന്‍ ഇനിയാരെയാണ്, എന്തിനെയാണ് പേടിക്കേണ്ടത്? ചിന്താ ശേഷിയുള്ള മനുഷ്യനെ പരീക്ഷിക്കാന്‍ അവന്‍ സൃഷ്ടിച്ച നൈമിഷികമായ ഒരു വീട് മാത്രമാണിതെന്നും തിരിച്ചറിയുന്ന മനുഷ്യന്‍ എന്ത് പ്രതിസന്ധിയുടെ പേരിലാണ് കണ്ണീര്‍ പൊഴിക്കേണ്ടത്? സുഖമോ ദുഖമോ മാത്രമുള്ള ശാശ്വതമായ ഒരു ലോകത്തിന് വേണ്ടിയുള്ള പരീക്ഷണാലയമാണിതെന്നും ഇവിടെ അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോള്‍ യജമാനനായ സ്രഷ്ടാവിന് നന്ദി ചെയ്യുകയും പ്രയാസങ്ങള്‍ വരുമ്പോള്‍ അവന്റെ പരീക്ഷണമാണെന്ന് മനസ്സിലാക്കി അതില്‍ ക്ഷമിക്കുകയും ചെയ്യുമ്പോള്‍ ഏത് കഥനങ്ങളും ബാഷ്പീകരിക്കപ്പെട്ട് പോകും.
    ഇസ്‌ലാമിന്റെ വിശ്വാസവും കര്‍മങ്ങളും പ്രയോഗവത്കരിക്കാത്തതു കൊണ്ടാണ് പല മുസ്‌ലിംകളും അസംതൃപ്തമായ ജീവിതം നയിക്കേണ്ടി വരുന്നത്.
    ഈ ആത്മ ധൈര്യത്തെയും മനഃശാന്തിയെയും ഉദ്ദീപിപ്പിക്കുകയും പ്രയോഗവത്കരിക്കുകയും ചെയ്യുന്ന ആചാരാനുഷ്ഠാനങ്ങളാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. റമാസാനില്‍ ഇത്തരം കര്‍മങ്ങള്‍ക്കുള്ള സുവര്‍ണാവസരമാണ് തുറന്നുകിട്ടുന്നത്. അല്ലാഹു അല്ലാതെ ഒരു ആരാധ്യനില്ലന്നും മുഹമ്മദ്(സ്വ) അവന്റെ ദൂതനാണെന്നും ഞാന്‍ വിശ്വസിക്കുന്നു, എന്ന പ്രഖ്യാപനമാണ് അതിന്റെ ഒന്നാം ഘട്ടം. ഈ വ്യാഖ്യാനം മനസ്സറിഞ്ഞ് നടക്കുന്നതോടെ ഏത് നാട്ടില്‍, ഏത് ജാതിയില്‍ ഏത് വര്‍ഗത്തില്‍ പിറന്നവനാണെങ്കിലും നിങ്ങളൊരു മുസ്‌ലിമായിക്കഴിഞ്ഞു! ഇതിനെതിരാകുന്ന ചെയ്തികളൊന്നും ഉണ്ടാകാതെ മരണപ്പെടുന്ന പക്ഷം ഐഹിക ലോകത്ത് സുരക്ഷിത ബോധത്തോടുള്ള ജീവിതം നിങ്ങള്‍ക്ക് കിട്ടി. നാളെ പാരത്രിക ലോകത്ത് ശാശ്വതമായ നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ മോചിതരായി.