ഗാസയില്‍ അഞ്ച് മണിക്കൂര്‍ വെടിനിര്‍ത്തല്‍; മരണം 223

Posted on: July 17, 2014 8:17 am | Last updated: July 18, 2014 at 9:11 am

gaza

ഗാസ സിറ്റി: ഐക്യരാഷ്ട്ര സഭയുടെ അഭ്യര്‍ത്ഥന പ്രകാരം ഗാസയില്‍ ഇസ്രായേലും ഹമാസും അഞ്ച് മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഗാസ നിവാസികള്‍ ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും ശേഖരിക്കുന്നതിനായാണ് യു എന്‍ വെടിനിര്‍ത്തലിന് ആവശ്യപ്പെട്ടത്. ബുധനാഴ്ച്ച യു എന്‍ ഇസ്രായേലിനോട് വ്യോമാക്രമണം നിര്‍ത്തിവെക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പിന്നീട് ഹമാസും ഇതിന് അനുകൂലമായി പ്രതികരിക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ 10 മണി മുതല്‍ അഞ്ച് മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തല്‍.

അതേസമയം കഴിഞ്ഞ ഒന്‍പത് ദിവസമായി ഇസ്രായേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 223 ആയി. 1600ലധിരം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹമാസിന്റെ മുതിര്‍ന്ന നേതാക്കളെ ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്നാണ് ഇസ്‌റാഈല്‍ അവകാശപ്പെടുന്നതെങ്കിലും സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിലധികവും. ബുധനാഴ്ച്ച അതിരാവിലെ നടന്ന ആക്രമണത്തില്‍ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

ഹമാസ് നേതാക്കളായ സഹര്‍, ജമീല ശന്തി, ഫാതി ഹമാസ്, ഇസ്മാഈല്‍ അശ്കര്‍ എന്നിവരുടെതടക്കം 30 വീടുകള്‍ക്ക് നേരെയാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയത്. പ്രധാന ഹമാസ് നേതാവായ സഹര്‍ 2007ലാണ് അധികാര സ്ഥാനത്തേക്കുയര്‍ന്നത്. മറ്റ് മൂന്ന് പേരും 2006ല്‍ പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരാണ്. ഇസ്‌റാഈല്‍ ആക്രമണം തുടങ്ങിയതിന് ശേഷം പല ഹമാസ് നേതാക്കളും ഒളിവിലാണ്. ഖാന്‍ യൂനിസില്‍ നടന്ന ആക്രമണത്തില്‍ അബു ദഖ കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ പത്ത് വയസ്സുകാരനും 65 വയസ്സകാരിയും പെടും. കുടുംബം സഞ്ചരിച്ച കാറിന് മുകളില്‍ മിസൈല്‍ പതിക്കുകയായിരുന്നു.

അതേസമയം, വടക്കന്‍ ഗാസയിലെ ഒരു ലക്ഷം ജനങ്ങളോട് വീടുപേക്ഷിച്ച് പോകാന്‍ ഇസ്‌റാഈല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പതിനായിരക്കണക്കിന് താമസക്കാര്‍ക്കാണ് ഇസ്‌റാഈല്‍ മുന്നറിയിപ്പ് നല്‍കുന്ന ലഘുലേഖകള്‍ നല്‍കിയത്. ഗാസക്ക് മേല്‍ ഇസ്‌റാഈല്‍ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കാനുള്ള ഈജിപ്തിന്റെ മധ്യസ്ഥ്യ ശ്രമത്തിന് കഴിഞ്ഞ ദിവസം തിരിച്ചടി നേരിട്ടിരുന്നു.

ഇസ്‌റാഈല്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറിന് ആയുസ്സ് മണിക്കൂറുകള്‍ മാത്രമേ ഉണ്ടായുള്ളൂ. ഈജിപ്ഷ്യന്‍ സര്‍ക്കാറിന്റെ അഭിപ്രായം കണക്കിലെടുത്ത് ഗാസക്ക് മേല്‍ നടത്തുന്ന ആക്രമണം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ നിര്‍ത്തിവെക്കാന്‍ ഇസ്‌റാഈല്‍ മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും നിലവിലെ അവസ്ഥയില്‍ വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഹമാസ് അറിയിച്ചു. ഇതോടെ മണിക്കൂറുകള്‍ക്കകം ശക്തമായ വ്യോമാക്രമണം പുനരാരംഭിക്കുകയായിരുന്നു.