Connect with us

Eranakulam

സ്മാര്‍ട് സിറ്റിയും നാസ്‌കോമും കൈകോര്‍ക്കുന്നു

Published

|

Last Updated

കൊച്ചി: പരസ്പര സഹകരണത്തിനായി നാഷനല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസും (നാസ്‌കോം) സ്മാര്‍ട്‌സിറ്റിയും കൈകോര്‍ക്കുന്നു. മാള്‍ട്ടയുടെ തലസ്ഥാനമായ വാല്ലെറ്റയിലെ പാലസ്സൊ സോണ്‍ഡഡോരിയിലെ സാമ്പത്തിക, നിക്ഷേപ, ചെറുകിട ബിസിനസ് മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
നാസ്‌കോം ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖരന്‍, മാള്‍ട്ടയിലെ സാമ്പത്തിക, നിക്ഷേപ, ചെറുകിട ബിസിനസ് വകുപ്പു മന്ത്രി ഡോ. ക്രിസ്റ്റ്യന്‍ കര്‍ഡോണ, സ്മാര്‍ട് സിറ്റി ദുബൈ സി ഇ ഒ അബ്ദുല്ലത്തീഫ് അല്‍മുല്ല, സ്മാര്‍ട് സിറ്റി മാള്‍ട്ട സി ഇ ഒ ആന്‍ഡ്ണി പി ടബോണ്‍, സ്മാര്‍ട് സിറ്റി ദുബൈ ചീഫ് സ്ട്രാറ്റജി ഓഫീസര്‍ ഡോ. ബാജു ജോര്‍ജ് പങ്കെടുത്തു.
വിജ്ഞാനാധിഷ്ഠിത മേഖലയുടെ വികസനവും വളര്‍ച്ചയും ലക്ഷ്യമിട്ടുള്ള ധാരണാപത്രത്തില്‍ സോഫ്റ്റ്‌വെയര്‍, ഐടി സേവനങ്ങള്‍, ഇന്റര്‍നെറ്റ്, ഇ- കോമേഴ്‌സ്, സ്മാര്‍ട് സേവനങ്ങള്‍, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ടെലികോം മേഖലകള്‍ക്ക് ഊന്നലുണ്ട്. വിജ്ഞാനാധിഷ്ഠിത മേഖലയില്‍ സ്വാശ്രയവും സ്വയംപര്യാപ്തവുമായ മാതൃകകള്‍ സൃഷ്ടിച്ച് നൂതന സാങ്കേതികവിദ്യകളിലൂടെ ഈ മേഖലയ്ക്ക് വളര്‍ച്ചാവേഗം നല്‍കാനും ധാരാണാപത്രം ലക്ഷ്യമിടുന്നു.
ആഗോളതലത്തില്‍ സ്വയം നിലനില്‍ക്കത്തക്ക നോളജ് ക്ലസ്റ്ററുകളുടെ ടൗണ്‍ഷിപ്പുകള്‍ സ്ഥാപിച്ച് വിജ്ഞാനാധിഷ്ഠിത വ്യവസായത്തിന്റെ വികസനം കൈവരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ധാരാണാപത്രത്തില്‍ പറയുന്നു. സ്മാര്‍ട് സിറ്റിക്ക് നിലവിലുള്ള മാള്‍ട്ടയിലും കൊച്ചിയിലുമുള്ള പദ്ധതികള്‍ക്കു പുറമെ അടുത്ത പത്ത് വര്‍ഷത്തിനിടെ സ്മാര്‍ട് ഡിജിറ്റല്‍ സൗകര്യങ്ങളോടെ എട്ട് ടൗണ്‍ഷിപ്പുകള്‍ കൂടി സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
സഹകരണത്തിന്റെ ഭാഗമായി വിവരങ്ങള്‍ പങ്കുവെക്കാനും വാണിജ്യ സംഘങ്ങളുടെയും ബിസിനസ് ഡെലിഗേഷനുകളുടെയും സന്ദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനും പരിപാടിയുണ്ട്. ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത സംരംഭങ്ങളും ബിസിനസ് അവസരങ്ങളും പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
വിജ്ഞാനാധിഷ്ഠിത വ്യവസായം ആഗോള തലത്തില്‍ സുസ്ഥിരവും ദൃഢവുമായ മാറ്റങ്ങള്‍ക്ക് വിധേമായിക്കൊണ്ടിരിക്കയാണെന്നും ഐ ടി മേഖലയാണ് ഇതിന്റെ മുഖ്യ പങ്കുവഹിക്കുന്നതെന്നും ചടങ്ങില്‍ സംസാരിച്ച നാസ്‌കോം ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി. മികച്ച വിശാല സാമ്പത്തിക ഘടങ്ങള്‍, പുതുതായി വരുന്ന സാങ്കേതികവിദ്യകള്‍, ബിസിനസ് അവസരങ്ങള്‍ എന്നിവ മൂലം ഇന്ത്യയിലെ ഐ ടി വ്യവസയാവും വേഗത്തില്‍ പക്വത കൈവരിക്കയാണ്. മാറുന്ന സാങ്കേതികവിദ്യകളോട് എളുപ്പം പൊരുത്തപ്പെടാനും ആഗോളതലത്തില്‍ നോളജ് ഹബുകള്‍ സ്ഥാപിക്കാനും സ്മാര്‍ട് സിറ്റിയുമായുള്ള സഹകരണം വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങളുമായി പരിചയത്തിലാകാനും ആഗോളതലത്തില്‍ ഫ്രീസോണ്‍ ബിസിനസ് ടൗണ്‍ഷിപ്പുകളിലൂടെ വളര്‍ച്ച കൈവരിക്കാനും ഈ സഹകരണത്തിലൂടെ സാധിക്കും.
നൂതന സേവനങ്ങള്‍ക്കായി പൂതിയ സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തുന്നത് ധാരണാപത്രത്തിന്റെ ഭാഗമാണെന്നും രണ്ട് പ്രദേശങ്ങളും തമ്മിലുള്ള സേവനങ്ങളുടേയും സൗകര്യങ്ങളുടെയും കൈമാറ്റങ്ങള്‍ക്ക് ഈ സഹകരണം കാരണമാകുമെന്നും സ്മാര്‍ട്‌സിറ്റി സി ഇ ഒ അബ്ദുല്ലത്തീഫ് അല്‍മുല്ല പറഞ്ഞു. ക്ലൗഡ്, അനലിറ്റിക്‌സ്, മൊബൈല്‍ ടെലിഫോണി, ബ്രോഡ്ബാന്‍ഡ് തുടങ്ങിയവയുടെ ദ്രുത വികസനം പുതിയ അവസരങ്ങള്‍ തുറന്നിട്ടിരിക്കയാണ്. സഹകരിച്ചും ആഗോളതലത്തില്‍ നോളജ് ഹബുകള്‍ സ്ഥാപിച്ചും മുന്നേറാന്‍ ഇത് കമ്പനികള്‍ക്ക് പ്രേരണയാകുന്നു. കൃത്യമായ സാധ്യതകളും സേവനങ്ങളും ലഭ്യമാക്കുന്നതിനും സാമ്പത്തിക, വ്യവസായിക വളര്‍ച്ച പ്രദാനം ചെയ്യാനുതകും വിധം അനുഭവസമ്പന്നതയെ രാജ്യാന്തര ബിസിനസ് ക്ലസ്റ്ററുകളാക്കാനും ഈ ധാരാണാപത്രം തുടക്കമിടുമെന്നും അല്‍മുല്ല പ്രതീക്ഷ പ്രകടിപ്പിച്ചു.
സ്മാര്‍ട്‌സിറ്റി കമ്പനികള്‍, നാസ്‌കോം അംഗങ്ങള്‍ എന്നിവര്‍ക്ക് ഉപകാരപ്പെടും വിധം വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഉള്‍പ്പെടെയുള്ള നിക്ഷേപ സാധ്യതകളും ഇരു കൂട്ടരും ലഭ്യമാക്കും. ഇന്ത്യയിലും യൂറോപ്യന്‍ യൂനിയനിലുമുള്ള ആദ്യത്തെ സ്മാര്‍ട് സിറ്റി സംരംഭങ്ങളാണ് സ്മാര്‍ട് സിറ്റി മാള്‍ട്ടയും സ്മാര്‍ട് സിറ്റി കൊച്ചിയും. അത്യന്താധുനിക അടിസ്ഥാന സൗകര്യങ്ങള്‍, മികച്ച ജീവിത സൗകര്യങ്ങള്‍ തുടങ്ങിയവയുടെ പിന്തുണയുള്ളതാണ് ഈ രണ്ട് ഫ്രീസോണ്‍ സംരഭങ്ങളും.