നഗരത്തില്‍ കന്നുകാലികള്‍ വിലസുന്നു

Posted on: July 16, 2014 12:43 pm | Last updated: July 16, 2014 at 12:43 pm

പാലക്കാട്:നഗരത്തില്‍ നാല്‍ക്കാലികള്‍ വിലസുന്നു. യാത്രക്കാര്‍ ഭീതിയുടെ നിഴലില്‍. നഗരത്തില്‍ അഞ്ചുമാസം മുമ്പ് മാട്ടുമന്തയില്‍ നാല്‍ക്കാലിയുടെ ശരീരത്ത് ബൈക്കിടിച്ച് യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അലഞ്ഞു തിരിഞ്ഞു നടക്കുന്ന നാല്‍ക്കാലികളെ പിടിച്ചുകെട്ടുമെന്ന് നഗരസഭയും പോലീസ് മുന്നറിയിപ്പു നല്‍കിയതിനെ തുടര്‍ന്ന് ഏതാനും ദിവസത്തേക്ക് മെയിന്‍ റോഡുകളില്‍ കറവപശുക്കളുടെ ശല്യം കുറഞ്ഞിരുന്നു.
നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇത്തരം മാടുകളെ പിടിച്ചുകെട്ടി പിഴ ഈടാക്കി തുടങ്ങിയതിനെ തുടര്‍ന്ന് കന്നുകാലി ശല്യം കുറഞ്ഞിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടതോടെ നാല്‍ക്കാലികളുടെ ശല്യം വീണ്ടും രൂക്ഷമായി. ഇരുചക്രവാഹനയാത്രക്കാര്‍ക്ക് ഏറെ അപകടങ്ങള്‍ സൃഷ്ടിക്കുന്ന ഇവ രാത്രിയെന്നോ പകലെന്നോ നോട്ടമില്ലാതെ നഗരം കൈയടക്കുകയാണ്. പാലക്കാട് ജില്ലാ ആശുപത്രിക്കുമുന്നിലും, പുത്തൂര്‍-മാട്ടുമന്ത റോഡിലും, ശേഖരീപുരം ജംഗഷനിലുമെല്ലാം ഇവയുടെ ശല്യം ദിനംപ്രതി കൂടിവരികയാണ്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ കന്നുകാലികളുടെ ശരീരത്തില്‍ ബൈക്കിടിച്ച് രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. ശേഖരീപുരം ജംഗ്ഷനില്‍ റോഡ് പൂര്‍ണ്ണമായും കീഴടക്കിയാണ് ഇവയുടെ തേര്‍വാഴ്ച. പുത്തൂര്‍-മാട്ടുമന്തറോഡില്‍ രാവിലെയും രാത്രിയിലും കന്നുകാലികള്‍ നിരത്തുകള്‍ കൈയടക്കുന്നത് നിത്യ സംഭവമായിമാറി. അപകടം വരുമ്പോള്‍ മാത്രം സുരക്ഷ കരുതുന്നതാണ് പാലക്കാടിന്റെ ശൈലിയെന്ന് ഇതോടെ വീണ്ടും തെളിഞ്ഞിരിക്കുകയാണ്. പാലക്കാട് നഗരത്തിലും പരിസരത്തും ഇരുചക വാഹനങ്ങള്‍ക്ക് ഭീഷണിയായ കന്നുകാലികളെ നിയന്ത്രിക്കണമെന്ന് കച്ചവടക്കാരും ആവശ്യപ്പെട്ടു.