Connect with us

Idukki

ഇടുക്കിയില്‍ കനത്ത മഴ: മരം വീണ് ഒരാള്‍ മരിച്ചു

Published

|

Last Updated

തൊടുപുഴ: ശക്തമായ മഴ തുടരുന്ന ഇടുക്കിയില്‍ മരം വീണ് ഒരാള്‍ മരിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2.82 കൂടി ഉയര്‍ന്ന് 2318.92 അടിയിലെത്തി. പദ്ധതി പ്രദേശത്ത് ഇന്നലെ 11 സെ മീ മഴ രേഖപ്പെടുത്തി. മുല്ലപ്പെരിയാര്‍, മാട്ടുപ്പെട്ടി ഡാമുകളിലും ജലനിരപ്പ് ഉയരുകയാണ്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് പലയിടത്തും വീടുകള്‍ അപകടാവസ്ഥയിലായി. അടിമാലി കല്ലാറില്‍ കല്ല്യാനിക്കല്‍ കൗസല്യയുടെ വീടിന് പിന്‍വശത്ത് മണ്ണിടിഞ്ഞ് വീണു ഭിത്തിക്ക് കേടുപാടുകള്‍ സംഭവിച്ചു. കുഴിയാംപ്ലാക്കല്‍ അപ്പച്ചന്റെ വീടിന്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞ് വീണു. ഇന്നലെ പുലര്‍ച്ചെ ആറിനാണ് സംഭവം. അപ്പച്ചന്റെ വീട് അപകടാവസ്ഥയിലാണ്. കഴിഞ്ഞ വര്‍ഷവും ഈ ഭാഗം ഇടിഞ്ഞിരുന്നു. റവന്യു അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. എന്നാല്‍ ധനസഹായമായി വെറും 700 രൂപയാണ് ഇവര്‍ക്ക് ലഭിച്ചത്. കുരിശുപാറ നമ്പലംപാറയില്‍ തങ്കച്ചന്റെ വീടിന് മുകളിലേക്ക് സമീപത്ത് നിന്ന മരം ഒടിഞ്ഞ് വീണ് കേടുപാടുകള്‍ സംഭവിച്ചു. പുലര്‍ച്ചെ അഞ്ചിനാണ് സംഭവം. ഇവര്‍ രാവിലെ തന്നെ കുടുംബസമേതം മൂന്നാറിലേക്ക് പോയതിനാല്‍ വന്‍ദുരന്തം ഒഴിവായി. പെട്ടിമുടി പഴയിടത്ത് വിലാസിനിയുടെ വീടിന് മുകളില്‍ ശക്തമായ കാറ്റില്‍ മരം ഒടിഞ്ഞ് വീണു. മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു. ആളപായമില്ല. തോക്കുപാറ സൗഹൃദഗിരി ഭാഗത്ത് ഈട്ടിയുടെ ശിഖരം ഒടിഞ്ഞ് വീണ് ഇരട്ടുകാനം ആനച്ചാല്‍ റോഡില്‍ ഒരു മണിക്കൂര്‍ ഗതാഗതം നിലച്ചു. രാത്രി ഒന്‍പതോടെയാണ് മരച്ചില്ല വീണ് ഗതാഗതം തടസ്സപ്പെട്ടത്. രാവിലെ എട്ട് മണിയോടെയാണ് റോഡ് പൂര്‍ണതോതില്‍ ഗതാഗതയോഗ്യമാക്കിയത്.
മഴയത്ത് വീഴാറായ മരം മുറിച്ചുമാറ്റാന്‍ ശ്രമിക്കവെയാണ് ശിഖരം ദേഹത്തു വീണു ഗൃഹനാഥന്‍ മരിച്ചത്. പുളിയന്‍മല ഹേമക്കടവ് കിളിയേടത്ത് നാരായണനാ (50)ണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പതോടെയാണ് അപകടം. വീട്ടുവളപ്പില്‍ വൈദ്യുതി കമ്പിയോടു ചേര്‍ന്ന് അപകട ഭീഷണി ഉയര്‍ത്തി നിന്ന മര ശിഖരങ്ങള്‍ മുറിച്ചു മാറ്റുന്നതിനിടെ ശക്തമായ കാറ്റില്‍ ദേഹത്ത് വീഴുകയായിരുന്നു.