പെയ്ഡ് ന്യൂസിനെ ചൊല്ലി പാര്‍ലിമെന്റില്‍ വീണ്ടും ബഹളം

Posted on: July 16, 2014 2:38 am | Last updated: July 16, 2014 at 12:39 am

paid newsന്യൂഡല്‍ഹി: പെയ്ഡ് ന്യൂസിനെ സംബന്ധിച്ച് വീണ്ടും പാര്‍ലിമെന്റില്‍ ബഹളം. ബി ജെ പി അംഗമായ കിരിത് സുമയ്യയാണ് ശൂന്യവേളയില്‍ ഈ വിഷയം ലോക്‌സഭയില്‍ എടുത്തിട്ടത്. ഇത്തരം തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ എത്രയും പെട്ടെന്ന് അയോഗ്യരാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ദിവസങ്ങള്‍ക്ക് മുമ്പാണ് പെയ്ഡ് ന്യൂസിന്റെ പേരില്‍ മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി അശോക് ചവാനെതിരെ ഇലക്ഷന്‍ കമ്മീഷന്‍ നോട്ടീസയച്ചിരുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പെയ്ഡ് ന്യൂസുമായി ബന്ധപ്പെട്ട് തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിക്ക് നോട്ടീസയച്ചിരുന്നതായും ഇത്തരം നടപടികള്‍ സുഗമമായ തിരഞ്ഞെടുപ്പിനെ മോശമായി ബാധിച്ചതിനാല്‍ അടിയന്തര നടപടികള്‍ ഇതിനെതിരെ സ്വീകരിക്കാന്‍ സര്‍ക്കാറിനോട് അവര്‍ ആവശ്യപ്പെട്ടിരുന്നതായും സുമയ്യ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നേതാവ് അശോക് ചവാനെതിരെ രണ്ട് ദിവസം മുമ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചിരുന്നത്. എം എല്‍ എ എന്ന നിലയില്‍ പെയ്ഡ് ന്യൂസ് ഇനത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ ചെലവുകള്‍ എത്രയെന്ന് ബോധ്യപ്പെടുത്തുന്നതില്‍ ചവാന്‍ പരാജയപ്പെട്ടെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. ഈ കേസുമായി ബന്ധപ്പെട്ട് അയോഗ്യനാക്കാതിരിക്കാനുള്ള കാരണവും അദ്ദേഹത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരാഞ്ഞിട്ടുണ്ട്.
ചില സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ധാരാളം തുക പരസ്യ ഇനത്തിലും പെയ്ഡ് ന്യൂസ് ഇനത്തിലും ചെലവഴിച്ചിരുന്നതായും ഇത്തരം ആളുകളെ ഉടന്‍ തന്നെ അയോഗ്യരാക്കണമെന്നും സുമയ്യ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.