സത്യവാങ്മൂലങ്ങളിലെ ഗസറ്റഡ് ഓഫീസര്‍മാരുടെ സാക്ഷ്യപ്പെടുത്തല്‍ വേണ്ടെന്ന് തത്വത്തില്‍ തീരുമാനം

Posted on: July 16, 2014 12:36 am | Last updated: July 16, 2014 at 12:36 am

ന്യുഡല്‍ഹി: സത്യവാങ്മൂലങ്ങള്‍ ഗസറ്റഡ് ഓഫീസര്‍മാരൊ നോട്ടറികളൊ സാക്ഷ്യപ്പെടുത്തണമെന്ന വ്യവസ്ഥ വേണ്ടെന്നു വെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. സര്‍ക്കാറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും നിര്‍ബന്ധമായ ഈ ഉപാധി ഉപേക്ഷിക്കുന്നതോടെ പൊതു ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും. സത്യവാങ്മൂലങ്ങള്‍ ഇനി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും.
വിവിധ അപേക്ഷകള്‍ക്കൊപ്പം അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലങ്ങള്‍ ഉണ്ടായിരിക്കണമെന്ന നിലവിലുള്ള വ്യവസ്ഥ തുടരേണ്ടതുണ്ടോ എന്ന് പരിശോധിക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാറുകളോടും ആവശ്യപ്പെട്ടതായി ഭരണപരിഷ്‌കരണ, പൊതു പരാതി പരിഹാര വകുപ്പ് അറിയിച്ചു.
സത്യവാങ്മൂലം ഒപ്പിട്ട് കിട്ടാനുള്ള കഷ്ടപ്പാട് ചില്ലറയല്ല. നോട്ടറിയില്‍ നിന്നും സത്യവാങ്ങ്മൂലം ലഭിക്കാന്‍ ആവശ്യക്കാരന്‍ 100 മുതല്‍ 500 വരെ രൂപ നല്‍കണം. ഗസറ്റഡ് ഓഫീസര്‍മാരാണെങ്കില്‍ മതിയായ എല്ലാ രേഖകളും കാണാതെ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്താന്‍ തയ്യാറാകില്ല.
ഗ്രാമങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലുമുള്ളവരാണ് ഏറെ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നത്. ഈ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ ലളിതവത്കരിക്കാന്‍ രണ്ടാം ഭരണ പരിഷ്‌കരണ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. അപേക്ഷകര്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നും നിര്‍ദേശമുണ്ടായിരുന്നു. അവസാന ഘട്ടത്തില്‍ മാത്രം അപേക്ഷകന്‍ തനത് രേഖകള്‍ ഹാജരാക്കിയാല്‍ മതി. ഇക്കാര്യത്തില്‍ അഭിപ്രായമാരാഞ്ഞുകൊണ്ട് എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും അറിയിപ്പ് അയച്ചിട്ടുണ്ട്. കേന്ദ്രം ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിമാരുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചര്‍ച്ച നടത്തിവരുന്നുണ്ട്. ജനസൗഹൃദ പദ്ധതിയെന്ന നിലയില്‍ താമസിയാതെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.