Connect with us

Palakkad

മഴ കനക്കുന്നു; ഒരാള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി

Published

|

Last Updated

പാലക്കാട്: കനത്തമഴയില്‍ ജില്ലയില്‍ വന്‍നാശനഷ്ടം. ഒരാളെ കാണതായി. എലവഞ്ചേരി പുഴ്ക്കരികെ നടന്നുപോയ വൃദ്ധയെ കാണാതായതായി ബന്ധുക്കള്‍. എലവഞ്ചേരി മണ്ണാന്‍പാറ പരേതനായ ചെല്ലന്റെ ഭാര്യ പാറു(90)വിനെയാണ് കാണാതായിരിക്കുന്നത്.
പുഴയ്ക്കരികെപോയ വൃദ്ധ തിരിച്ചുവരാത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ നടത്തിയ തെരച്ചലില്‍ വൃദ്ധ ഉപയോഗിച്ചിരുന്ന വെറ്റിലപൊതി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നു പുഴയ്ക്കരികെ സമീപവാസികളും പുഴയില്‍ തെരച്ചില്‍ നടത്തിയിരുന്നു. വിവരം അറിയിച്ചതിനെതുടര്‍ന്ന് ചിറ്റൂരില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ പുഴയില്‍ മൂന്നുമണിക്കൂര്‍ തെരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. മഴ കാരണം പുഴയില്‍ ഒഴുക്കു ശക്തമെന്നതിനാല്‍ പിന്നീട് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ തിരിച്ചുപോവുകയായിരുന്നു.
വൃദ്ധക്കുവേണ്ടി ബന്ധുക്കള്‍ തിരച്ചില്‍ നടത്തിവരികയാണ്. കനത്തമഴയെ തുടര്‍ന്ന് അട്ടപ്പാടി ചുരം റോഡില്‍ മണ്ണിടിഞ്ഞ് പാറകള്‍ റോഡിലേക്കുവീണ് ഗതാഗതം മുടങ്ങി. ഇന്നലെ പുലര്‍ച്ചെയാണ് ആനമൂളിചുരം റോഡില്‍ പാറ റോഡിലേക്ക് വീണത്. രാവിലെ അഞ്ചുമുതല്‍തന്നെ വാഹനങ്ങള്‍ ഇരുഭാഗത്തേക്കും പോകാനാകാതെ ചുരത്തില്‍ കുടുങ്ങി. കെ എസ് ആര്‍ടിസി ബസുകളുള്‍പ്പടെ വാഹനങ്ങളുടെ നീണ്ടനിര കിലോമീറ്ററുകളോളം കാണാമായിരുന്നു.
മണ്ണും കൂറ്റന്‍പാറക്കല്ലുകളും റോഡിന്റെ പാതിഭാഗവും മൂടിയനിലയിലായിരുന്നു. മണ്ണാര്‍ക്കാടുനിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും പോലീസുകാരും നാട്ടുകാരുടെയും ശ്രമഫലമായാണ് നാലുമണിക്കൂറിനുശേഷം ഗതാഗതം പുനഃസ്ഥാപിച്ചത്.ആലത്തൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം. വീടുകള്‍ക്കും കാര്‍ഷികവിളകള്‍ക്കുമാണ് പ്രധാനമായും നാശമുണ്ടായത്. ഞായറാഴ്ചയുണ്ടായ മഴയില്‍ വണ്ടാഴി വില്ലേജില്‍ ചിറ്റടി ഒടുകൂര്‍ രാമചന്ദ്രന്‍, തരൂര്‍ ഒന്ന് വില്ലേജില്‍ തെന്നിലാപുരം ചാമിയുടെ ഭാര്യ പാറുക്കുട്ടി എന്നിവരുടെ വീടുകള്‍ക്കു നാശം നേരിട്ടതായി താലൂക്ക് ഓഫീസില്‍നിന്നും അറിയിച്ചു.ചിറ്റൂര്‍ താലൂക്കില്‍ കനത്തമഴയില്‍ മരംകടപുഴകി വീണ് ടെറസ് വീടിനും മതിലിനും കേടുപറ്റി.
വണ്ടിത്താവളം പാറമേട് നടുക്കളം ശശീന്ദ്രന്റെ ഭാര്യ സുധാകലയുടെ ടെറസ് വീടിനു മുകളിലേക്കാണ് ഇന്നലെ പുലര്‍ച്ചെ നാലിനുണ്ടായ മഴയില്‍ മരംവീണത്. നെന്മാറ മേഖലയില്‍ രണ്ടു ദിവസമായി തുടരുന്ന കാറ്റിലും മഴയിലും വ്യാപകമായി നാശനഷ്ടങ്ങള്‍ ഉണ്ടായി. പലഭാഗത്തും മരങ്ങള്‍ റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. നെന്മാറ ഭാഗത്തെ വിവിധ പാടശേഖരങ്ങളില്‍ നെല്‍പ്പാടങ്ങള്‍ മിക്കതും വെള്ളത്തിനടയിലാണ്. മേലാര്‍കോട് ഗ്രാമപഞ്ചായത്തിലെ കല്ലയിലെ പൊതുകിണര്‍ ഇടിഞ്ഞുതാഴ്ന്നു. നെല്ലിയാമ്പതി മേഖലയില്‍ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍ പോത്തുണ്ടി ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ഇതോടെ പോത്തുണ്ടിഡാമിലെ ജലനിരപ്പ് 17 അടിയായി ഉയര്‍ന്നു.
വൃഷ്ടി പ്രദേശത്തുമാത്രം രണ്ടു ദിവസങ്ങളിലായി 90 മീ.മീ മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഡാമില്‍ 41 അടി വെള്ളമാണുണ്ടായിരുന്നത്.

Latest