Connect with us

Malappuram

മലയോര മേഖലയിലെ കുടുംബങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍

Published

|

Last Updated

മലപ്പുറം: കാലവര്‍ഷം കനത്തതോടെ മലയോര മേഖല ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍. ഏതാനും ദിവസങ്ങളായി ഇടമുറിയാതെ തിമിര്‍ത്ത് പെയ്യുകയാണ് മലയോര മേഖലയില്‍. മഴയോടൊപ്പം ഇടക്കിടെ ശക്തമായ കാറ്റും വീശുന്നുണ്ട്. ഇതുമൂലം വന്‍ കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്. വഴിക്കടവ് പഞ്ചായത്തിലെ ആനമറി കരുളായി പഞ്ചായത്തിലെ മലയോര മേഖല, കരുവാരക്കുണ്ട് മേഖലയിലെ കല്‍ക്കുണ്ട്, കേരള എസ്റ്റേറ്റ്, പാന്ത്ര, കാളികാവ് പഞ്ചായത്തിലെ അടക്കാക്കുണ്ട്, ചോക്കാട് പഞ്ചായത്തിലെ മലയോര മേഖല, തുടങ്ങിയ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്നത്. 1989-ല്‍ കല്‍ക്കുണ്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആറുപേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2003-ലെ ഉരുള്‍പൊട്ടലിലും വന്‍ നാശം നേരിട്ടു. കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഹെക്ടര്‍ കണക്കിന് കൃഷിയാണ് നശിച്ചത്. കല്‍ക്കുണ്ട് മഞ്ഞളാംചോല ശക്തമായ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലയാണെന്നും ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത മേഖലയിലേക്ക് മാറണമെന്നും മുന്‍ വര്‍ഷങ്ങളില്‍ സ്ഥലം സന്ദര്‍ശിച്ച ജിയോളിക്കല്‍ വകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് നിരവധി കര്‍ഷക കുടുംബങ്ങള്‍ കൃഷിയും വീടും ഉപേക്ഷിച്ച് മാറി താമസിച്ചിരുന്നു. ആദിവാസി കുടുംബങ്ങളും പ്രദേശത്തുണ്ട്. പ്രതികൂല കാലാവസ്ഥയോടൊപ്പം വന്യമൃഗ ഭീഷണിയും മലയോരത്ത് വ്യാപകമായിട്ടുണ്ട്. ജീവിത സാഹചര്യങ്ങളാലാണ് ഇവര്‍ മലയോരം വിട്ടുപോകാത്തതിന് പിന്നില്‍. ഭീതിയില്‍ വസിക്കുന്ന മലയോര നിവാസികള്‍ക്ക് സംരക്ഷണം നല്‍കാന്‍ അധികൃതര്‍ തയാറാവുന്നില്ലെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.

 

Latest