കാലവര്‍ഷം:ഇന്നലെ മാത്രം 11.70 ലക്ഷം രൂപയുടെ നാശനഷ്ടം

Posted on: July 15, 2014 9:40 am | Last updated: July 15, 2014 at 9:40 am

Heavy-rains-Newskeralaകോഴിക്കോട്: കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ നാടും നഗരവും വെള്ളത്തില്‍ മുങ്ങി. ജില്ലയില്‍ ഒമ്പത് ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചതായാണ് ഔദ്യോഗിക വിവരം.
ഇന്നലെ മാത്രം 11.70 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ജില്ലയിലുണ്ടായത്. 22 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോഴിക്കോട് താലൂക്കില്‍ മൂന്ന് വീടുകളും താമരശ്ശേരിയില്‍ രണ്ട്, വടകരയില്‍ 11, കൊയിലാണ്ടിയില്‍ ആറ് വീടുകളാണ് തകര്‍ന്നത്. കാലവര്‍ഷത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിന് കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ 0495 2371002 എന്ന നമ്പറില്‍ വിളിച്ച് വിവരം അറിയിക്കാമെന്ന് ജില്ലാ കലക്ടര്‍ സി എ ലത അറിയിച്ചു.
കാലവര്‍ഷം കനക്കുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തതിനെ തുടര്‍ന്ന് ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഓടകള്‍ നിറഞ്ഞുകവിഞ്ഞ് റോഡിലേക്ക് പരന്ന് ഒഴുകിയെതിനെ തുടര്‍ന്ന് നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടില്‍ മുങ്ങി. കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തും പാവമണി റോഡിലും സ്റ്റേഡിയം ജംഗ്ഷനിലുമെല്ലാം മുട്ടോളം വെള്ളം കയറി. മാവൂര്‍ റോഡില്‍ ചില കടകള്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇന്നലെ തുറന്നില്ല.
പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് വലിയ വെള്ളക്കെട്ട് ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കാന്‍ പ്രയാസപ്പെട്ടു. ഏതാനും ഇരുചക്ര വാഹനങ്ങള്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് തള്ളിക്കൊണ്ടുപോകുകയായിരുന്നു. പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന പോക്കറ്റ് റോഡുകള്‍ മിക്കതും പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി.