പഠിപ്പുമുടക്കും പുനരാലോചനയും

Posted on: July 15, 2014 6:00 am | Last updated: July 14, 2014 at 9:10 pm

പഠിപ്പുമുടക്ക് സമരത്തെക്കുറിച്ചു പുനരാലോചന നടക്കുകയാണ് എസ് എഫ് ഐയിലും മാതൃസംഘനയായ സി പി എമ്മിലും. മട്ടനൂരില്‍ നടന്ന എസ് എഫ് ഐ കണ്ണൂര്‍ ജില്ലാ സമ്മേളത്തില്‍, വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്ക് സമരം ഉപേക്ഷിക്കണമെന്ന ഇ പി ജയരാജന്റെ ആഹ്വാനമാണ് ഇതിന് വഴിയൊരുക്കിയത്. പഠിപ്പ് മുടക്കലല്ല, പഠിക്കലാണ് പുതിയ സമരരീതിയെന്നും വിദ്യാഭ്യാസരംഗത്തെ ഗുണകരമല്ലാത്ത പഴഞ്ചന്‍ സമരരീതികളില്‍ നിന്ന് എസ് എഫ് ഐ പോലുള്ള വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ മാറിനില്‍ക്കണമെന്നുമായിരുന്നു ജയരാജന്റെ ഉപദേശം. എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി ശിവദാസന്‍ ഇതിന് പിന്തുണയുമായി രംഗത്തു വന്നു. പഠിക്കാനായിരിക്കണം സമരം, പഠിപ്പ് മുടക്കാനാകരുത്. കാലഹരണപ്പെട്ടതാണ് പഠിപ്പുമുടക്കും അക്രമ സമരങ്ങളും കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസൃതം സംഘടനകള്‍ മാറണം. ബഹുജനങ്ങളെ ആകര്‍ഷിക്കുന്നതായിരിക്കണം പുതിയ കാലഘട്ടത്തിലെ സമര രീതികളെന്നും അല്ലാത്ത സമരങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ കണ്ണൂരില്‍ ശിവദാസന്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാന എസ് എഫ് ഐ നേതൃത്വത്തിലെ ചിലര്‍ ഈ വീക്ഷണത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സമരങ്ങളിലും പഠിപ്പുമുടക്കിലും മുന്‍പന്തിയിലുണ്ടായിരുന്ന ഒരു വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഉന്നതങ്ങളില്‍ തങ്ങളുടെ സമര രീതി തെറ്റായിരുന്നുവെന്ന വീണ്ടുവിചാരം ഉടലെടുത്തത് തന്നെ ആശ്വാസകരമാണ്. വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്‌നങ്ങളെയും വിദ്യാര്‍ഥികളുടെ നിഷേധിക്കപ്പെടുന്ന അവകാശങ്ങളെയും മുന്‍ നിര്‍ത്തി കഴിഞ്ഞ കാലങ്ങളില്‍ എസ് എഫ് ഐ നടത്തിയ സമരങ്ങളില്‍ പഠിപ്പുമുടക്കായിരുന്നു പ്രധാന ആയുധം. ന്യായമായ ആവശ്യങ്ങള്‍ക്കായി അനിവാര്യ ഘട്ടങ്ങളില്‍ മാത്രം പ്രയോഗിക്കേണ്ട ഈ ആയുധം നിസ്സാര കാര്യങ്ങള്‍ക്കായി ഒന്നാം മുറയായി എടുത്തു പ്രയോഗിച്ചത് മൂലം ഒരു കാലത്ത് കേരളത്തിലെ കലാലയങ്ങളില്‍ പഠനം നടക്കുന്ന ദിവസങ്ങളേക്കാള്‍ പഠനം നടക്കാത്ത ദിനങ്ങളായിരുന്നു കൂടുതല്‍. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കപ്പുറം രാഷ്ടീയ ലക്ഷ്യങ്ങള്‍ക്കായും മാതൃസംഘടനകള്‍ വിദ്യാര്‍ഥികളുടെ സമരാവേശത്തെ ദുരുപയോഗപ്പെടുത്തി. ഇതോടെ സമരങ്ങള്‍ പലപ്പോഴും അക്രമാസക്തമാകുകയും നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്തു. എസ് എഫ് ഐയുടെ നാല്‍പ്പത്തിനാല് വര്‍ഷത്തെ ചരിത്രം 32 പേരുടെ പേരുടെ ജീവന്‍ കവര്‍ന്നിട്ടുണ്ടെന്നാണ് കണക്ക്. പഠിപ്പുമുടക്ക് സമരത്തിന്റെ ഈ തെറ്റായ പ്രയോഗം മൂലം ക്രമേണ സമൂഹത്തിലും വിദ്യാര്‍ഥികള്‍ക്കിടയിലും ഇതിനെതിരായി ഉയര്‍ന്ന വികാരം എസ് എഫ് ഐ പോലുള്ള സമരോത്സുക സംഘടനകളുടെ ശക്തിക്ക് ക്ഷയമേല്‍പ്പിക്കുകയുണ്ടായി. പഠിപ്പുമുടക്കും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരരീതികളും പൊതുസമൂഹത്തില്‍ ഒറ്റപ്പെടാന്‍ കാരണമാകുമെന്ന തിരിച്ചറിവും ബോധ്യവുമാണ് വീണ്ടുവിചാരത്തിലേക്ക് സംഘടനയെ നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
പഠിപ്പുമുടക്ക് സമരം തീരെ വര്‍ജ്യമോ അധിക്ഷേപാര്‍ഹമോ അല്ല. ദേശീയ സമര കാലത്ത് ആദരണീയരായ പഴയ തലമുറ പഠിപ്പ് മുടക്കി സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയിട്ടുണ്ട്. അതാരുടെയും ആഹ്വാനത്തെ തുടര്‍ന്നോ നിര്‍ബന്ധം കൊണ്ടോ ആയിരുന്നില്ല. നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഉല്‍ക്കടവും തീക്ഷ്ണവുമായ ആഗ്രഹത്തില്‍ നിന്ന് സ്വയം പ്രചേദിതരായാണ് വിദ്യാലയങ്ങള്‍ വിട്ടു അവര്‍ തെരുവിലിറങ്ങിയത്. തികച്ചും അനിവാര്യമായ ഘട്ടത്തില്‍ പ്രകടിപ്പിച്ച ആ വിപ്ലവ വീര്യത്തെ ചരിത്രം പ്രംശസനീയമായി വിലയിരുത്തുമ്പോള്‍ ഇന്നത്തെ പഠിപ്പുമുടക്കു സമരത്തെ ബുദ്ധിജീവികളും ചിന്താശേഷിയുള്ളവരും തള്ളിപ്പറയുകയാണ്. ഉദ്ദേശ്യ ശുദ്ധിയിലുള്ള അന്തരമാണ് കാരണം. ഇന്നത്തെ സമരങ്ങള്‍ കേവലം കാട്ടിക്കൂട്ടലുകള്‍ മാത്രമാണ്. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ വിപ്ലവ വീര്യം തിട്ടപ്പെടുത്തുന്നത് സമരത്തിന്റെ തോതും രീതിയും മാനദണ്ഡമാക്കിയാണെന്ന തെറ്റായ ധാരണയായിരുന്നു പലര്‍ക്കും. സമരത്തിന്റെ സമ്പൂര്‍ണ വിജയം അവകാശപ്പെടാനായി പഠിപ്പുമുടക്കിന് താത്പര്യമില്ലാത്ത വിദ്യാര്‍ഥികളെ പോലും നിര്‍ബന്ധിച്ചു സമര വേദികളിലേക്ക് പിടിച്ചിറക്കുകയും ക്ലാസ് തടസ്സപ്പെടുത്തുകയും ചെയ്യുന്നു. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളില്‍ സമരാവേശം കുത്തി വെക്കുന്ന പാര്‍ട്ടി നേതാക്കളാകട്ടെ, സ്വന്തം മക്കളെ സമരങ്ങളില്ലാത്ത, കൃത്യമായി പഠനം നടക്കുന്ന വിദ്യാലയങ്ങളില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.
അധികാര രാഷ്ട്രീയത്തിലേക്കുള്ള കുറുക്കുവഴിയായിരുന്നു മുന്‍കാലങ്ങളില്‍ പഠിപ്പുമുടക്ക് സമരങ്ങള്‍. തീക്ഷ്ണമായ സമരങ്ങളുടെ മുന്നില്‍ ഇടം പിടിച്ചും നിയമപാലകരില്‍ നിന്ന് അടിയും ഇടിയും ഏറ്റുവാങ്ങിയും ജയിലില്‍ കിടന്നുമാണ് പഴയ തലമുറയില്‍ പലരും രാഷ്ട്രീയത്തിന്റെ ഉന്നത പടവുകളിലും അധികാര സ്ഥാനങ്ങളിലും എത്തിയത്. ഇന്നിപ്പോള്‍ സ്ഥിതി മാറി. അധികാര സ്ഥാനങ്ങള്‍ അനന്തരാവകാശമായി മാറിയിരിക്കുന്നു. രാഷ്ട്രീയ പാരമ്പര്യത്തേക്കാള്‍ കുടുംബ ബന്ധത്തിന് പരിഗണന. തീക്ഷ്ണമായ സമരങ്ങളിലൂടെ വിദ്യാര്‍ഥി സംഘടനയുടെയും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും വളര്‍ച്ചക്കു വേണ്ടി പ്രവര്‍ത്തിച്ചവരെ തഴഞ്ഞു, സുഖലോലുപതയില്‍ വളരുകയും സമരത്തിന്റെ ഗന്ധം പോലുമേല്‍ക്കാത്ത സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുകയും ചെയ്യുന്ന നേതാക്കളുടെ മക്കളെയും ബന്ധുക്കളെയും അധികാരക്കസേരകളിലേക്ക് കൈപിടിച്ചുയര്‍ത്തുമ്പോള്‍, സമരത്തിന്റെ അര്‍ഥശൂന്യതയെക്കുറിച്ചു ചിന്തിക്കാന്‍ ശേഷിയുള്ള പുതിയ തലമുറയും ബോധവാന്മാരാകുന്നുണ്ടെന്നാണ് എസ് എഫ് ഐയുടെ വീണ്ടുവിചാരം വ്യക്തമാക്കുന്നത്.