‘നിങ്ങളുടെ കുട്ടി സ്വര്‍ണത്തില്‍’ പദ്ധതിക്ക് വന്‍ സ്വീകാര്യത

Posted on: July 14, 2014 8:45 pm | Last updated: July 14, 2014 at 8:46 pm

yur child in goldദുബൈ: കുട്ടികളുടെ അമിത വണ്ണം കുറക്കാന്‍ നഗരസഭ ആസൂത്രണം ചെയ്ത വ്യായാമ പദ്ധതിക്ക് വന്‍ സ്വീകാര്യത. നിങ്ങളുടെ കുട്ടി സ്വര്‍ണത്തില്‍ (യുവര്‍ ചൈല്‍ഡ് ഇന്‍ ഗോള്‍ഡ്) എന്ന പദ്ധതിയില്‍ പങ്കെടുത്ത് അമിത വണ്ണം കുറക്കാന്‍ നാലു ദിവസത്തിനകം 4,000 പേരാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ദുബൈ മുനിസിപ്പാലിറ്റി ക്ലബ് മേധാവി വലീദ് അല്‍ ശൈബാനി അറിയിച്ചു.
ഓണ്‍ലൈന്‍ വഴിയാണ് രജിസ്‌ട്രേഷന്‍ സ്വീകരിച്ചത്. അമിത വണ്ണത്തിനെതിരെ പോരാടാന്‍ കുടുംബങ്ങളെയും കുട്ടികളെയും സജ്ജമാക്കാന്‍ വേണ്ടിയാണ് പദ്ധതി. അമിതമായി ടെലിവിഷന്‍ ചാനലുകളെ ആശ്രയിക്കുന്നതും ഇന്റര്‍നെറ്റില്‍ അഭിരമിക്കുന്നതും അമിത വണ്ണത്തിന് കാരണമാകുന്നു. ഇതിനെതിരെ പ്രചാരണം നടത്തും.
15,000 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞവര്‍ഷം മുതിര്‍ന്നവര്‍ക്കാണ് തടികുറക്കല്‍ മത്സരം നടത്തിയത്. 9,666 പേര്‍ രജിസ്റ്റര്‍ ചെയ്തു. 2,648 പേര്‍ വിജയികളായി. 26 കിലോ കുറച്ച സിറിയക്കാരന്‍ അഹ്മദ് അല്‍ ശൈഖ് (28) ഫൈനലില്‍ വിജയിച്ചു.
യു എ ഇയില്‍ അമിതവണ്ണക്കാരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. പുരുഷന്‍മാരില്‍ 67 ശതമാനവും സ്ത്രീകളില്‍ 72 ശതമാനവും എന്നതാണ് കണക്ക്. ആഗോള തലത്തില്‍ 15-ാം സ്ഥാനമുണ്ട്. പ്രമേഹ രോഗമുള്ളവര്‍ 18.98 ശതമാനം വരും.
വ്യായാമ പദ്ധതിയില്‍ പേര് ചേര്‍ക്കാന്‍ ജൂലൈ 24 വരെ സമയമുണ്ട്. മംസാര്‍, ഖവാനീജ്, സഫ പാര്‍ക്ക്, സബീല്‍, ബര്‍ശ എന്നിവിടങ്ങളിലെ ജോഗിംഗുകളിലും പാര്‍ക്കുകളിലും എത്തിയാല്‍ മതിയാകുമെന്നും ശൈബാനി പറഞ്ഞു.