മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിന് എം സി ഐ അംഗീകാരം

Posted on: July 14, 2014 10:07 am | Last updated: July 14, 2014 at 10:07 am

മഞ്ചേരി: മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിന് എം സി ഐ അംഗീകാരം രണ്ട് ദിവസത്തിനകം ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. പി വി നാരായണന്‍. ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിശോധനയുടെ പേരില്‍ എം സി ഐ പ്രതിനിധികള്‍ ഇനി മഞ്ചേരി മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കാന്‍ എത്തുമെന്നും കരുതുന്നില്ല. എല്ലാ രേഖകളും രജിസ്റ്ററുകളും ഡല്‍ഹിയില്‍ അവരുടെ മുന്നില്‍ ഹാജരാക്കി കഴിഞ്ഞു. വസ്തുതകള്‍ അവര്‍ക്ക് ബോധ്യമാകുകയും ചെയ്തുവെന്നാണ് അനുമാനിക്കുന്നത്. ബുധനാഴ്ചക്കകം എം സി ഐ അംഗീകാരം ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.
മഞ്ചേരി ജനറല്‍ ആശുപത്രിയിലെ 35 ഡോക്ടര്‍മാര്‍ ഡിക്ലറേഷന്‍ ഫോമില്‍ ഒപ്പിട്ടു നല്‍കി മെഡിക്കല്‍ കോളജിന്റെ ഭാഗമായി കഴിഞ്ഞു. കെ ജി എം ഒ എ യുടെ ചില ഡോക്ടര്‍മാര്‍ മാത്രമാണ് തല തിരിഞ്ഞ നയവുമായി നില്‍ക്കുന്നത്. ഇവര്‍ക്കും മാറേണ്ടി വരും. ഇല്ലെങ്കില്‍ അവര്‍ ഒറ്റപ്പെടുമെന്നും ഡോ. പി വി നാരായണന്‍ പറഞ്ഞു. മെഡിക്കല്‍ കോളജിന്റെ നഷ്ടപ്പെട്ട അംഗീകാരം തിരിച്ചു പിടിക്കാന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന്റെ പ്രത്യേക താത്പര്യത്തോടെ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ടി എസ് ഇളങ്കോവനും പ്രിന്‍സിപ്പലിന്റെ കൂടെ ഡല്‍ഹിയിലെത്തി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇനത്‌യയുടെ പ്രതിനിധികളെ കാണുകയുണ്ടായി.
ആഗസ്റ്റിന് മുമ്പായി എം ഡി ഐയുടെ വിലക്ക് നീങ്ങിയാല്‍ മാത്രമേ മെഡിക്കല്‍ കോളജില്‍ രണ്ടാം വര്‍ഷ എം ബി ബി എസ് ബാച്ചിന് പ്രവേശനം സാധ്യമാകൂ. നഷ്ടമായ അംഗീകാരം പുനസ്ഥാപിക്കാനുള്ള തീവ്ര ശ്രമമാണ് ഇപ്പോള്‍ അധികൃതരുടെ ഭാഗത്ത് നിന്നും കാണുന്നത്. ഡോക്ടര്‍മാരെ കൂടാതെ ആശുപത്രിയിലെ 450ഓളം ജീവനക്കാരുടെ കാര്യത്തിലും സര്‍ക്കാരും ആരോഗ്യവകുപ്പും അവ്യക്തതകള്‍ പരിഹരിച്ച് അന്തിമതീരുമാനമെടുക്കേണ്ടിയിരിക്കുന്നു.