ഇസ്‌റാഈല്‍ നരമേധം: ലോകമെങ്ങും പ്രതിഷേധം

Posted on: July 13, 2014 12:20 am | Last updated: July 13, 2014 at 12:21 am

gazaലണ്ടന്‍/ പാരീസ്/ ഒസ്‌ലോ: ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന നരമേധത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം അലയടിച്ചു. ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനില്‍ നൂറുകണക്കിന് ഇസ്‌റാഈല്‍വിരുദ്ധ പ്രതിഷേധക്കാര്‍ തെരുവില്‍ ഒരുമിച്ചുകൂടി. ഗാസയില്‍ സൈനിക നടപടിക്ക് അറുതി വരുത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വെസ്റ്റ് ലണ്ടനിലെ കെന്‍സിംഗ്ടണ്‍ ഹൈ സ്ട്രീറ്റിലെ ഇസ്‌റാഈലി എംബസിക്ക് പുറത്താണ് പ്രതിഷേധകര്‍ ഒരുമിച്ചുകൂടിയത്. ‘ഗാസ: ഉപരോധം അവസാനിപ്പിക്കുക’, ‘ഫലസ്തീനിന് സ്വാതന്ത്ര്യം നല്‍കുക’ തുടങ്ങിയ പ്ലക്കാര്‍ഡുകളേന്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് പ്രതിഷേധക്കാര്‍ തെരുവിലറങ്ങിയത്. ‘യഹൂദിസം സിയോണിസ്റ്റ് രാഷ്ട്രത്തെ നിരസിക്കുന്നു, ക്രിമിനല്‍ ഉപരോധത്തെയും അധിനിവേശത്തെയും അപലപിക്കുക’ എന്നെഴുതിയ വലിയ ബാനറുമേന്തി ഒരു സംഘം യുവാക്കള്‍ ലണ്ടന്‍ ഡബിള്‍ ഡക്കര്‍ ബസിന് മുകളില്‍ കയറി. കുറച്ചു സമയത്തേക്ക് കെന്‍സിംഗ്ടണ്‍ ഹൈ സ്ട്രീറ്റിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ഒരു സംഘം പ്രധാന റോഡില്‍ വരിയായി നിന്നു. പ്രതിഷേധം തീര്‍ത്തും സമാധാനപരമായിരുന്നു.
ഒസ്‌ലോയിലെ നോര്‍വീജിയന്‍ പാര്‍ലിമെന്റ് മന്ദിരത്തിന് മുമ്പില്‍ മുവായിരത്തോളം പ്രതിഷേധകര്‍ ഒത്തുകൂടി. പാരീസിലെ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തിന് സമീപം നൂറുകണക്കിന് പേര്‍ ഒത്തുകൂടി പ്രതിഷേധിച്ചു. ടുണീഷ്യയിലും പ്രതിഷേധമിരമ്പി. ഫലസ്തീന്‍ പതാകകള്‍ വീശിയും ‘ഫലസ്തീന്‍ അതിജയിക്കുക തന്നെ ചെയ്യും’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് കുട്ടികളടക്കമുള്ള സംഘം തെരുവുകളില്‍ പ്രതിഷേധിച്ചത്. ‘മനുഷ്യത്വത്തെ പ്രതിരോധിക്കാനും കൂട്ടക്കൊല അവസാനിപ്പിക്കാനുമാണ് ഇത്തരം പ്രതിഷേധങ്ങളെന്ന് ജൂത മതവിശ്വാസിയെന്ന് സ്വയം പരിചപ്പെടുത്തിയ സ്റ്റെഫാനെ ഫ്രാപ്പറ്യു പറയുന്നു. ഏറെ സഹിക്കുന്നവരും ദിനേന മരിച്ചുകൊണ്ടിരിക്കുന്ന കുട്ടികളും സ്ത്രീകളുമാണ് ഫലസ്തീനികളെന്നുള്ള വസ്തുത വിസ്മരിക്കാന്‍ ശ്രമിക്കുകയാണ് ജനങ്ങളെന്ന് താന്‍ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.