Connect with us

Wayanad

തവിഞ്ഞാല്‍ കൃഷി ഭവനിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണം

Published

|

Last Updated

മാനന്തവാടി: കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ പോലും വിതരണം ചെയ്യാതെ തവിഞ്ഞാല്‍ കൃഷി ഭവനില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും ഇതെ കുറിച്ച് വിജിലന്‍് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. തവിഞ്ഞാല്‍ കൃഷി ഭവനിലാണ് വന്‍ അഴിമതി നടക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. അര്‍ഹരായ കര്‍ഷകരെ തഴഞ്ഞ് അനര്‍ഹരായവര്‍ക്ക് കാര്‍ഷിക ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുകയായിരുന്നുവത്രെ. 2012 മുതല്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം കൃഷി ഭവനില്‍ വന്‍ അഴിമതി നടത്തിയതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
പ്രകൃതി ക്ഷോഭത്തിന്റെ ധന സഹായ വിതരണത്തിലും അഴിമതിയുണ്ടായിട്ടുണ്ടത്രെ. പഞ്ചായത്ത് ഭരണ സമിതിയുടെ മുമ്പില്‍ ചിലരുടെ അപേക്ഷകള്‍ മറച്ചു വെക്കുകയും പിന്നീട് അത്തരക്കാര്‍ക്ക് ലക്ഷക്കണക്കിന് രൂപ നല്‍കുകയുമാണ് ചെയ്തത്. ചില ആഗ്രോക്ലിനിക് ഭാരവാഹികളുടെ സഹായവും ഇതിന് പിന്നില്‍ ഉണ്ടത്രെ. ഒരേ കുടുംബത്തിലെ നാലും അഞ്ചും പേരില്‍ നിന്നും അപേക്ഷ വാങ്ങി അര്‍ഹതയില്ലാത്ത പണം രഹസ്യമായി നല്‍കുകയാണ് ചെയ്തത്. തവിഞ്ഞാല്‍ കൃഷി ഭവനിലെ അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അര്‍ഹതയുള്ളവര്‍ക്ക് യഥാര്‍ഥ നഷ്ടപരിഹാരം നല്‍കണമെന്നും വാളാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അനധികൃതമായി ലക്ഷങ്ങള്‍ കൈപറ്റിയ അഗ്രോ ക്ലിനിക് പിരിച്ച് വിടണമെന്നും ഈ ആവശ്യങ്ങളുന്നയിച്ച് ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. സി എം ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ശശി വറോലി, ടി ടി ജോസ്, പി ജെ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.