Connect with us

International

ഇറാഖില്‍ കുര്‍ദുകള്‍ രണ്ട് എണ്ണപ്പാടങ്ങള്‍ പിടിച്ചെടുത്തു

Published

|

Last Updated

ബഗ്ദാദ്: ഉത്തര ഇറാഖില്‍ കുര്‍ദുകള്‍ രണ്ട് എണ്ണപ്പാടങ്ങള്‍ പിടിച്ചെടുത്തു. സര്‍ക്കാറും കുര്‍ദുകളും തമ്മില്‍ അനൈക്യം ശക്തി പ്രാപിച്ചുവരുന്നതിനിടെയാണ് സംഭവം. കിര്‍കൂക്കിലെയും ഹസനിലെയും എണ്ണപ്പാടങ്ങളിലെ ഉത്പാദന മേഖല കുര്‍ദ് പോരാളികളുടെ കൈകളിലാണ്. ഇറാഖ് സര്‍ക്കാറിലുണ്ടായിരുന്ന കുര്‍ദ് എം പി ഈയിടെ രാജിവെച്ചിരുന്നു. കുര്‍ദുകള്‍ തീവ്രവാദികളെ സംരക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി നൂരി അല്‍ മാലികി ആരോപിച്ചതിനു ശേഷം കുര്‍ദുകളും സര്‍ക്കാറും തമ്മില്‍ വാക്കേറ്റം ശക്തിപ്പെട്ടിരുന്നു.
ഐ എസ് ഐ എസ് ആയുധധാരികള്‍ ഇറാഖിന്റെ വിവിധ ഭാഗങ്ങള്‍ പിടിച്ചെടുക്കുന്ന പശ്ചാത്തലത്തില്‍ പ്രവേശം നിരോധിച്ച ഉത്തര പടിഞ്ഞാറന്‍ ഭാഗത്തേക്ക് കുര്‍ദ് പോരാളികള്‍ അതിക്രമിച്ച് കയറാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. കുര്‍ദ് ഭൂരിപക്ഷ പ്രദേശത്ത് സ്വതന്ത്ര ഭരണം ആവശ്യപ്പെട്ടാണ് ഇപ്പോള്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നത്. ഇതിനുവേണ്ടി ഹിതപരിശോധന നടത്താനും ഇവര്‍ താത്പര്യപ്പെടുന്നുണ്ട്. നിലവില്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സുന്നിവിമത പോരാളികള്‍ നടത്തുന്ന ശക്തമായ പോരാട്ടങ്ങളെ ചെറുക്കുന്നതോടൊപ്പം കുര്‍ദുകളുടെ കടന്നുകയറ്റങ്ങളും നേരിടാന്‍ സര്‍ക്കാര്‍ പ്രയാസപ്പെടുകയാണ്. പിടിച്ചെടുത്ത എണ്ണ കേന്ദ്രങ്ങളില്‍ എണ്ണ കയറ്റിക്കൊണ്ടുപോകാന്‍ എത്തിയ വാഹനങ്ങളുടെ നീണ്ട നിരയും മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. രണ്ട് എണ്ണശാലകള്‍ ദിവസം 400,000 ബാരല്‍ എണ്ണ കയറ്റിയയക്കാന്‍ ശേഷിയുള്ളവയാണ്. കുര്‍ദുകളുടെ അധീനതയില്‍ പൂര്‍ണ സ്വതന്ത്ര പ്രദേശമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കുര്‍ദിസ്ഥാന്‍ പ്രദേശത്തിന്റെ നേതാവ് മസൂദ് ബര്‍സാനി പറഞ്ഞു.