മഅ്ദനിക്ക് ജാമ്യം അനുവദിച്ചത് ആശ്വാസകരം: മുസ്‌ലിംലീഗ്

Posted on: July 12, 2014 12:17 am | Last updated: July 12, 2014 at 12:17 am

muslim-leagu1മലപ്പുറം: അബ്ദുന്നാസിര്‍ മഅ്ദനിക്ക് ഇടക്കാല ജാമ്യം അനുവദിച്ചത് ആശ്വാസകരമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പ്രസ്താവനയില്‍ പറഞ്ഞു. മഅ്ദനിക്ക് നിതി ലഭ്യമാക്കണമെന്നത് മുസ്‌ലിംലീഗ് ശക്തമായി ആവശ്യപ്പെട്ട കാര്യമാണ്. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി അടക്കമുള്ള ലീഗ് നേതാക്കള്‍ മഅദനിയെ ജയിലില്‍ കണ്ട ശേഷം കര്‍ണാടക സര്‍ക്കാറിനോട് നേരില്‍ കണ്ട് നീതി നിഷേധം അവസാനിപ്പിക്കണമെന്ന് അഭ്യാര്‍ത്ഥിച്ചിരുന്നു.
മോചനകാര്യത്തില്‍ കര്‍ണാടകയില്‍ കഴിഞ്ഞ സര്‍ക്കാറിന്റെ അതേ സമീപനം തന്നെയാണ് ഇപ്പോഴും സ്വീകരിച്ചിരിക്കുന്നത്. മഅ്ദനിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് സ്ഥിരീകരിച്ചിട്ടും ജാമ്യാപേക്ഷ കോടതിയില്‍ പരിഗണിക്കപ്പെടുമ്പോഴെല്ലാം പുതിയ വാദങ്ങള്‍ നിരത്തി ജാമ്യം തടയാനുള്ള നീക്കമാണ് നടക്കുന്നത്. വിചാരണ കൂടാതെ അനന്തമായി തടവില്‍ പാര്‍പ്പിക്കുന്നത് നീതിനിഷേധവും മനുഷ്യാവകാശ ലംഘനവുമാണ്. കേസ് വേഗത്തില്‍ തീര്‍പ്പാക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. അല്ലാതെ ജീവിതകാലമത്രയും അന്യായ തടവില്‍ തള്ളപ്പെടുന്ന രീതി ശരിയല്ല. അന്യായമായ തടവില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ നടപടിവേണമെന്നും മജീദ് ആവശ്യപ്പെട്ടു.