താങ്ങുവിലക്ക് മേല്‍ സബ്‌സിഡിയില്ല: നിര്‍ദേശം അംഗീകരിക്കില്ല- മുഖ്യമന്ത്രി

Posted on: July 11, 2014 11:36 pm | Last updated: July 11, 2014 at 11:36 pm

oommen chandyതിരുവനന്തപുരം: ഭക്ഷ്യധാന്യങ്ങള്‍ക്കും നാണ്യവിളകള്‍ക്കും കേന്ദ്രം നിശ്ചയിക്കുന്ന കുറഞ്ഞ താങ്ങുവിലയില്‍ കൂടുതല്‍ സബ്‌സിഡി നല്‍കില്ലെന്ന കേന്ദ്രനയം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതൊഴിച്ചാല്‍ ഔദ്യോഗിക തലത്തില്‍ തീരുമാനമെടുക്കുകയോ ബജറ്റില്‍ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ ധാന്യസംഭരണ നയവും രാസവള സബ്‌സിഡി വെട്ടിക്കുറക്കാനുള്ള നീക്കവും കര്‍ഷക ദ്രോഹപരമാണെന്ന് ചൂണ്ടിക്കാട്ടി എ കെ ശശീന്ദ്രന്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംഭരണവില നിശ്ചയിക്കുന്നതിന് കേന്ദ്രത്തിന് നിയമപരമോ ധാര്‍മികമോ ആയ അവകാശമില്ല. രാസവളത്തിനുള്ള സബ്‌സിഡി പുനഃപരിശോധിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ തുക വെട്ടിക്കുറക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഇക്കാര്യത്തില്‍ കേന്ദ്ര തീരുമാനം പ്രതീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നെല്ലിന് വിലനിര്‍ണയ സമിതി നിശ്ചയിച്ച വില 13.10 രൂപയാണ്. എന്നാല്‍ ഇപ്പോഴത്തെ ചെലവ് കണക്കാക്കിയാല്‍ കിലോക്ക് 20 രൂപയെങ്കിലും നല്‍കേണ്ടിവരും. ഈവര്‍ഷം 5.9 രൂപ സംസ്ഥാന സബ്‌സിഡിയോടെ 19 രൂപക്കാണ് നെല്ല് സംഭരിച്ചത്. നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള 800 കോടി കഴിഞ്ഞ ദിവസത്തോടെ പൂര്‍ണമായി കൊടുത്തതായും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
കേന്ദ്രം പ്രഖ്യാപിക്കുന്ന താങ്ങുവിലയേക്കാള്‍ ഒരു രൂപ പോലും അധികമായി നല്‍കാനാകില്ലെന്ന ധാന്യ സംഭരണ നയം നടപ്പാക്കുകയാണെങ്കില്‍ കര്‍ഷകരുടെ സ്ഥിതി അങ്ങേയറ്റം പരിതാപകരമാകുമെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ വകുപ്പ് ജോയിന്റ് സെക്രട്ടറി ജൂണ്‍ 12ന് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും കേന്ദ്രം വിളിച്ചു ചേര്‍ത്ത ഭക്ഷ്യമന്ത്രിമാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഭക്ഷ്യമന്ത്രിമാരുടെ യോഗത്തില്‍ അത്തരമൊരു നിര്‍ദേശം ഉണ്ടായിട്ടില്ലെന്ന് മന്ത്രി അനൂപ് ജേക്കബ് വിശദീകരിച്ചു. താങ്ങുവിലയേക്കാള്‍ കൂടുതല്‍ ബോണസ് നല്‍കുന്നത് വിപണിയില്‍ അരിവില വര്‍ധിക്കാന്‍ ഇടയാക്കുമെന്ന കേന്ദ്ര സെക്രട്ടറി യോഗത്തില്‍ ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ താത്പര്യത്തിന് ഇത്തരം നടപടികള്‍ ആവശ്യമാണെന്ന നിലപാട് യോഗത്തെ അറിയിച്ചുവെന്നും കേന്ദ്രസെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് അയച്ചുവെന്ന കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അനൂപ് ജേക്കബ് അറിയിച്ചു. കേന്ദ്രം അയച്ച കത്തിനെ കുറിച്ചുള്ള അറിവ് വെച്ച് അത് ആവശ്യത്തേക്കാള്‍ അധികം ഭക്ഷ്യധാന്യം സംഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണെന്നും ആവശ്യമുള്ളതിന്റെ മൂന്നിലൊന്നു പോലും സംഭരിക്കാത്ത കേരളത്തിന് ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര നയത്തോടുള്ള പ്രതിഷേധം അസന്നിഗ്ധമായ നിലയില്‍ പ്രകടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് ചൂണ്ടിക്കാട്ടി.