റേഷന്‍ വിതരണത്തിന് മുന്‍ഗണനാ പട്ടിക തയ്യാറാക്കാന്‍ ത്രിതല സമിതികള്‍

Posted on: July 11, 2014 6:00 am | Last updated: July 11, 2014 at 11:31 pm

കണ്ണൂര്‍: റേഷന്‍ നല്‍കുന്നതിന് നിലവിലുള്ള ബി പി എല്‍, എ പി എല്‍ പട്ടികക്ക് പകരം മുന്‍ഗണനാപട്ടിക തയാറാക്കുന്നതിന് ത്രിതല സമിതികള്‍ രൂപവത്കരിക്കുന്നു. ഈ മാസം അവസാനത്തോടെ സംസ്ഥാനതല സമിതികള്‍ നിലവില്‍ വരും. 14 ന് തിരുവനന്തപുരത്ത് സിവില്‍ സപ്ലൈസ് ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുക്കുന്ന യോഗത്തില്‍ സമിതിക്ക് രൂപം നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമാകും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സംസ്ഥാനതല സമിതി എന്നിങ്ങനെയാണ് ത്രിതല സാമൂഹിക കണക്കെടുപ്പ് നടത്തുക. കേന്ദ്ര ഭക്ഷ്യനിയമ പ്രകാരവും ബി പി എല്‍ കണക്കെടുപ്പ് പ്രകാരവുമുള്ളതായ ചോദ്യാവലികള്‍ ചേര്‍ത്തുള്ള കുറിപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും മുന്‍ഗണനാ വിഭാഗങ്ങളുടെ കരട് പട്ടിക തയാറാക്കുക. ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ തലത്തിലും വാര്‍ഡ് തലത്തിലുമാണ് പ്രാഥമിക പരിശോധനാ സംവിധാനം ഒരുക്കുന്നത്.
റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍, കുടുംബശ്രീ, ദാരിദ്ര്യ ലഘൂകരണ നിര്‍മാണ യൂനിറ്റിന് കീഴിലുള്ള വില്ലേജ് എക്‌സ്സ്റ്റന്‍ഷന്‍ ഓഫീസര്‍, വനിതാ വി ഇ ഒ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ഈ സമിതിയില്‍ അംഗങ്ങളായിരിക്കും. ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നവരുടെ കരട് പട്ടിക ആദ്യം പ്രസിദ്ധീകരിക്കും. ഈ പട്ടിക പിന്നീട് വാര്‍ഡ് തലത്തിലുള്ള സമിതി പരിശോധിക്കും.
ഈ പരിശോധനയുടെ അടിസ്ഥാനത്തില്‍ രണ്ടാമത്തെ പട്ടിക പ്രസിദ്ധീകരിക്കും. ഇതില്‍ ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം നിര്‍ദിഷ്ട സമിതി പരിശോധിക്കും. ഇതിനുശേഷമാണ് സംസ്ഥാന സമിതി അന്തിമപട്ടിക പുറത്തിറക്കുന്നത്. പട്ടിക തയാറാക്കുന്നതിനുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം റേഷന്‍ കാര്‍ഡ് പുതുക്കി നല്‍കുന്നതിനായി മൂന്ന് റേഷന്‍കടകള്‍ സംയോജിപ്പിച്ചുള്ള പ്രത്യേക ക്യാമ്പും സംഘടിപ്പിക്കും. സംസ്ഥാനത്ത് നിലവില്‍ 82 ലക്ഷത്തിലേറെ കാര്‍ഡുകളുണ്ട്. 2008 ലാണ് അവസാനമായി കേരളത്തില്‍ റേഷന്‍ കാര്‍ഡ് പുതുക്കിയത്. മുന്‍ഗണനാ പട്ടികയില്‍ ഇടം നേടുന്നവര്‍ക്ക് മാത്രമേ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അഞ്ച് കിലോ ഭക്ഷ്യധാന്യം ലഭിക്കൂ.
മുന്‍ഗണനാ, മുന്‍ഗണനേതര വിഭാഗക്കാരുടെ വിവരങ്ങള്‍ പിന്നീട് സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറ്റും. ഡാറ്റാ സെന്റര്‍ വഴിയാണ് സ്മാര്‍ട്ട് കാര്‍ഡില്‍ വിവരങ്ങള്‍ ശേഖരിക്കുക. ഈ ജോലികള്‍ പൂര്‍ത്തിയായശേഷം ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ വിരലടയാളമുള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കും. കേന്ദ്ര ഭക്ഷ്യനിയമ പ്രകാരം റേഷന്‍ ലഭിക്കണമെങ്കില്‍ മുന്‍ഗണനാ, മുന്‍ഗണനേതര വിഭാഗങ്ങളായി ഉപഭോക്താക്കളെ തരംതിരിക്കണം. എ പി എല്‍, എ പി എല്‍ സബ്‌സിഡി, ബി പി എല്‍, എ എ വൈ, അന്നപൂര്‍ണ വിഭാഗങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് നിലവില്‍ റേഷന്‍ ലഭിക്കുന്നത്. ഈ ഉപഭോക്താക്കളെയാണ് രണ്ട് വിഭാഗങ്ങളിലായി തരംതിരിക്കേണ്ടത്. പുതിയ പട്ടിക തയാറാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാണ് റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനോടൊപ്പം വിവരശേഖരണവും നടത്തുന്നത്.