ലോകകപ്പ്; റസ്റ്റോറന്റുകളില്‍ വരുമാനം വര്‍ധിച്ചു

Posted on: July 10, 2014 11:36 pm | Last updated: July 10, 2014 at 11:36 pm

restaurantദുബൈ: ലോകകപ്പ് അങ്ങ് ബ്രസീലിലാണെങ്കിലും അതിന്റെ പേരില്‍ ലാഭം കൊയ്യുന്നത് ലോകത്തെല്ലായിടത്തുമുള്ള വിവിധ വ്യാപാര സ്ഥാപനങ്ങളാണ്. ലോകകപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ആരംഭിച്ചത് മുതല്‍ ദുബൈയിലെ റസ്റ്റോറന്റുകളിലും വ്യാപാരം കൂടിയതായി കണക്കുകള്‍. സ്വദേശികളും യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരും അറബ് വംശജരും ഉപഭോക്താക്കളായുള്ള റസ്റ്റോറന്റുകളിലാണ് പ്രധാനമായും വ്യാപാരം കൂടിയതും അതുവഴി വിറ്റുവരവ് കൂടിയതെന്നും കണക്കുകള്‍ പറയുന്നു.
ലോകകപ്പിലെ മത്സരങ്ങളിലധികവും പാതിരാവ് പിന്നിട്ടതിനു ശേഷവും അത്താഴ സമയത്തുമായതിനാല്‍ പാനീയങ്ങള്‍ കുടിക്കുന്നതിനു പകരം ഭക്ഷണം കഴിക്കുകയാണ് പലരുടെയും പതിവെന്ന് റസ്റ്റോറന്റ് അധികൃതര്‍ പറയുന്നു.
പല റസ്റ്റോറന്റുകളിലും കളിനടക്കുന്ന സമയമുള്‍പ്പെടുന്ന രണ്ട് മണിക്കൂര്‍ സമയത്തേക്ക് നേരത്തെ തന്നെ കളിക്കമ്പക്കാര്‍ ബുക്ക് ചെയ്തുപോകുന്ന രീതിയുണ്ടെന്ന് ഇവര്‍ പറയുന്നു. തടസ്സങ്ങളൊന്നും നേരിടാതെ, റസ്റ്റോറന്റുകളില്‍ സജ്ജീകരിച്ച സ്‌ക്രീനുകളുടെ മുമ്പിലിരുന്ന് തന്നെ കളികാണാനാണ് ഇത്തരക്കാര്‍ നേരത്തെ സീറ്റുകള്‍ ബുക്കുചെയ്യുന്നത്.
ഒരു ഉപഭോക്താവില്‍ നിന്ന് ഒരു ദിവസത്തെ കളികഴിയുന്നത്‌വരെയുള്ള സമയത്തിനുള്ളില്‍ ശരാശരി 200 ദിര്‍ഹം വരുമാനമുണ്ടാകുമെന്നാണ് റസ്റ്റോറന്റ് അധികൃതര്‍ പറയുന്നത്. മൊത്തത്തില്‍ ലോകകപ്പ് തുടങ്ങുന്നതിനു മുമ്പുള്ള ദിവസത്തെ കച്ചവടത്തേക്കാള്‍ ശരാശരി 35ശതമാനം വര്‍ധനവ് വിറ്റുവരവില്‍ ഉണ്ടായിട്ടുണ്ടെന്ന് ജുമൈറയിലെ ഒരു റസ്റ്റോറന്റ് മാനേജര്‍ യൂസുഫ് മുഹമ്മദ് പറയുന്നു.
ലോകകപ്പ് ഏതു രാജ്യം കൈക്കലാക്കുമെന്ന് ലോകം ഉറ്റുനോക്കുമ്പോഴും, ഏതു രാജ്യം കിരീടം ചൂടിയാലും അഹ്ലാദിക്കുന്ന ഒരു ടീം ഇവിടെയുണ്ട്, അത് ദുബൈ നഗരത്തിലെ റസ്റ്റോറന്റ് ഉടമകളുടെ ടീം ആണ്!.