വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ഗതാഗതം സ്തംഭിച്ചു

Posted on: July 10, 2014 10:19 am | Last updated: July 10, 2014 at 10:19 am

VALAYARപാലക്കാട്: ചരക്കുവാഹനങ്ങള്‍ക്ക് ക്ലിയറന്‍സ് ലഭിക്കാന്‍ കാലതാമസം നേരിട്ടതോടെ വാളയാര്‍ ചെക്ക് പോസ്റ്റില്‍ ഗതാഗതം സ്തംഭിച്ചു.
ഇന്നലെ മുതല്‍ നടപ്പാക്കിയ പരിഷ്‌കരിച്ച ക്ലിയറിംഗ് സംവിധാനമാണ് ഗതാഗതക്കുരുക്കിന് കാരണമായതെന്നാണ് ആക്ഷേപം. അതേസമയം ഓണ്‍ലൈന്‍ ക്ലിയറന്‍സ് സംവിധാനം ഒരുമാസം മുമ്പേ നടപ്പില്‍വരുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുമ്പോള്‍ ഇതുസംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. പുതിയ നിയമപ്രകാരം ടാക്‌സ് നമ്പറുള്ള കേരള വ്യാപാരികള്‍ക്ക് വാണിജ്യനികുതിവകുപ്പ് നല്‍കുന്ന പാസ് വേഡു മുഖേന ചരക്കുവിവരങ്ങള്‍ നല്‍കിയാല്‍ മാത്രമേ ചെക്ക്‌പോസ്റ്റ് കടത്തിവിടുകയുള്ളൂ. ലോറി ഉടമകളേയും ഏജന്റുമാരേയും ഇതില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു. വ്യാപാരികള്‍ അറിയാതെ ടിന്‍ നമ്പറില്‍ വ്യാജ ചരക്കുകടത്ത് വ്യാപകമായിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. ഇതോടെ അന്തര്‍സംസ്ഥാന ചരക്കുകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം വകുപ്പു നല്‍കിയിരിക്കുന്ന പാസ് വേഡിന്റെ ഉടമക്കായിരിക്കും. കണ്ടെയ്‌നര്‍ ലോറികളുള്‍പ്പടെയുള്ളയുടെ നീണ്ട നിര അതിര്‍ത്തികടന്ന് ചാവടിയൂര്‍ വരെ എത്തി. ഇരുഭാഗത്തേക്കും വാഹനങ്ങളുടെ കുരുക്ക് യാത്രക്കാരെ ഏറെ വലച്ചു. വേണ്ട രീതിയില്‍ മുന്നറിയിപ്പു നല്‍കിയില്ലെന്നും ഓഫീസില്‍ പരിശോധിക്കേണ്ട രേഖകള്‍ പൂര്‍ത്തിയാകാതെ കിടക്കുകയാണെന്നും വ്യാപാരികള്‍ പറയുന്നു. രാത്രിവൈകിയും ഗതാഗത സ്തംഭനം തുടരുകയാണ്.