ആയുധ ഇടപാട്: വി കെ പാണ്ഡെയെ പ്രോസിക്യൂട്ട് ചെയ്യാന്‍ പ്രതിരോധ വകുപ്പിന്റെ അനുമതി

Posted on: July 10, 2014 6:00 am | Last updated: July 10, 2014 at 2:20 am

കൊച്ചി: ആയുധ ഫാക്ടറി അഴിമതി കേസില്‍ മേഡക് ഓര്‍ഡനന്‍സ് ഫാക്ടറി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി കെ പാണ്ഡെയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് പ്രതിരോധ വകുപ്പ് സി ബി ഐക്ക് അനുമതി നല്‍കി.
ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം സി ബി ഐയുടെ കൊച്ചി ഓഫീസിലെത്തി. ഇതേ തുടര്‍ന്ന് വി കെ പാണ്ഡെ അടക്കമുള്ള പ്രതികള്‍ക്ക് എതിരെ കുറ്റപത്രം തയ്യാറാക്കുന്നതിനുള്ള നടപടികള്‍ സി ബി ഐ ആരംഭിച്ചു. ഒരാഴ്ചക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സി ബി ഐ എസ് പി. കൃഷ്ണകുമാര്‍ പറഞ്ഞു. മേഡക് ഓര്‍ഡനന്‍സ് ഫാക്ടറിയിലേക്ക് യുദ്ധ ടാങ്കുകള്‍ക്കുള്ള റോഡ് വീല്‍ ആം സപ്ലെ ചെയ്യുന്നതിനുള്ള കരാര്‍ തൃശ്ശൂരിലെ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിംഗ് ലിമിറ്റഡിനും(എസ് ഐ എഫ് എല്‍) ബംഗളൂരുവിലെ എ എം ഡബ്ല്യൂ – എം ജി എം ഫോര്‍ജിംഗ്‌സിനും വഴി വിട്ട് നല്‍കിയെന്നും ഇതിനായി ഇടനിലക്കാരി സുബി മല്ലിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നുമാണ് വി കെ പാണ്ഡെക്കെതിരായ കേസ്.
കേസില്‍ പ്രതികളായ എസ് ഐ എഫ് എല്‍ മാനേജിംഗ് ഡയറക്ടറായിരുന്ന എസ് ഷാനവാസ്, ഡെപ്യൂട്ടി ജനറല്‍ മാനേജറായിരുന്ന എ വത്സന്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി ബി ഐക്ക് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. യുദ്ധ ടാങ്കുകള്‍ക്കുള്ള റോഡ് വീല്‍ ആം സപ്ലെ ചെയ്യുന്നതിനുള്ള കരാര്‍ നേടിയെടുക്കുന്നതിന് ഇടനിലക്കാരിയായ സുബി മല്ലിക്ക്് വഴിവിട്ട് കമ്മീഷന്‍ നല്‍കുകയും കമ്മീഷന്‍ തുകയില്‍ നിന്ന് വിഹിതം കൈപ്പറ്റുകയും ചെയ്തതായാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ്.
എസ് ഐ എഫ് എല്ലിനൊപ്പം റോഡ് ആം വീല്‍ സപ്ലൈ ചെയ്യുന്നതിന് കരാര്‍ നേടിയ ബംഗളൂരുവിലെ എ എം ഡബ്ല്യൂ – എം ജി എം ഫോര്‍ജിംഗ്‌സ് കമ്പനിയുടെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ മുരളീധര്‍ ഭാഗവത്, മാനേജര്‍ കെ ആര്‍ മുഗിലന്‍ എന്നിവരും കേസില്‍ പ്രതികളാണ്. ഇടനിലക്കാരിയായ മുംബൈയിലെ സുബിഷി എംപെക്‌സ് ഉടമ സുബി മല്ലിയെ കേസില്‍ മാപ്പുസാക്ഷിയാക്കിയിരുന്നു. റോഡ് വീല്‍ ആം സപ്ലൈ ചെയ്യുന്നതിനുള്ള 115 കോടിയുടെ കരാറില്‍ 12 ശതമാനം തുകയായ 18 ലക്ഷം രൂപ എസ് ഐ എഫ് എല്‍ സുബി മല്ലിക്ക് കമ്മീഷനായി നല്‍കുകയും ഈ തുക സുബി മല്ലിയും വി കെ പാണ്ഡെയും എസ് ഐ എഫ് എല്‍. എം ഡിയായിരുന്ന ഡോ. എ ഷാനവാസും സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ വല്‍സനും പങ്കുവെച്ചു. എട്ട് ലക്ഷം രൂപ എസ് ഐ എഫ് എല്‍. എം ഡിയായിരുന്ന ഷാനവാസിനും മാര്‍ക്കറ്റിംഗ് മാനേജരായിരുന്ന വത്സനും ലഭിച്ചപ്പോള്‍ വി കെ പാണ്ഡെക്ക് മൂന്ന് ലക്ഷം രൂപയാണ് നല്‍കിയത്.