Connect with us

Ongoing News

പ്രബോധനം

Published

|

Last Updated

അതിഗംഭീരവും അത്ഭുതകരവുമാണ് മഹാപ്രപഞ്ചം. അതില്‍ വൈവിധ്യമാര്‍ന്ന സൃഷ്ടിജാലങ്ങള്‍. ബുദ്ധിയും വിവേകവും നല്‍കി ഏറ്റവും ഉത്തമ സൃഷ്ടിയാക്കി മനുഷ്യനെ ആദരിച്ച സ്രഷ്ടാവ് അവനുവേണ്ടി നിര്‍ണയിച്ച മാര്‍ഗനിര്‍ദേശങ്ങളുണ്ട്. അത് അനുസരിച്ച് ജീവിക്കുമ്പോഴാണ് ഉത്തമ സൃഷ്ടിയുടെ ഗുണങ്ങള്‍ അവനില്‍ പ്രകടമാകുന്നത്. ഭൗതിക ലോകത്ത് ജനിച്ചു വീഴുന്ന മനുഷ്യന്‍ മരണം വരെയുള്ള ജീവിതത്തെ പരമമായി കാണുകയും അതു കൂടുതല്‍ സുഖകരമാക്കാന്‍ ജീവിക്കുകയും ചെയ്യുമ്പോള്‍ തന്റെ ബുദ്ധിയും വിവേകവും യഥാര്‍ഥ രീതിയില്‍ ഉപയോഗിക്കപ്പെടുന്നില്ല. ഭൗതിക ജീവിതം പരീക്ഷണത്തിന്റെ വേദിയും ശാശ്വത ലോകത്തേക്ക് വിളവെടുപ്പിനുള്ള കൃഷിസ്ഥലവുമാണെന്ന് ബോധ്യപ്പെടുമ്പോള്‍ മാത്രമേ മനുഷ്യന്‍ നേര്‍വഴിയില്‍ സഞ്ചരിക്കൂ.
സ്രഷ്ടാവായ അല്ലാഹുവിനെ അടുത്തറിഞ്ഞ് ഇഹലോകത്തിന്റെ നശ്വരതയും പരലോകത്തിന്റെ അനശ്വരതയും ബോധ്യപ്പെട്ട് ജീവിക്കുന്നവന്‍ വലിയ വിജയത്തെയും സന്തോഷത്തെയും പ്രതീക്ഷിച്ചു കഴിയുകയാണ്. അവന്‍ തന്റെ സഹജീവികളായ മറ്റു മനുഷ്യരോട് സ്‌നേഹവും കരുണയും പ്രകടിപ്പിക്കുന്നിടത്താണ് യഥാര്‍ഥത്തില്‍ പ്രബോധനം ആരംഭിക്കുന്നത്. ഒരു മുസ്‌ലിമായ വ്യക്തിക്ക് സ്വാര്‍ഥം അന്യമാണ്. മനുഷ്യരിലെ മുഴുവന്‍ അംഗങ്ങളോടും അവന്റെ ഹൃദയം സ്‌നേഹാനുകമ്പകള്‍ പ്രകടമാക്കും. അത് അവരുടെ ശാശ്വത വിജയം കൊതിക്കുന്നതിലേക്കും കേവല ഭൗതിക ജീവിതത്തിന്റെ ചതിയില്‍പ്പെട്ട് ആ വിജയം കൈവിട്ടുപോകുന്നവരോട് സഹതാപവും സങ്കടവും തോന്നുന്നതിലേക്കും അവനെ എത്തിക്കും. താന്‍ ഉള്‍ക്കൊണ്ട വെളിച്ചത്തിലേക്ക് മറ്റുള്ളവര്‍ കൂടി വന്നെത്തണമെന്നും അവരെല്ലാം വിജയിക്കണമെന്നും അവന്‍ അതിയായി ആഗ്രഹിക്കും. ആ വലിയ മനസ്സിന്റെ ഉടമകള്‍ക്കേ പ്രബോധനം സാധ്യമാകൂ.
മറ്റുള്ളവരുടെ രക്ഷക്കുവേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ അവന്‍ സന്നദ്ധനാകും. ഒരു വേള അവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന അനുവാചകരില്‍ നിന്നു തന്നെ പീഡനമുറകള്‍ക്ക് വിധേയനാകേണ്ടി വരും. “നമുക്കെന്തു വേണം, പോയി തുലയട്ടെ” എന്നു ചിന്തിക്കുന്നവര്‍ പ്രബോധനത്തിന് പൂര്‍ണ വിരാമം കുറിക്കും. എന്നാല്‍ പ്രവാചകരുടെ പിന്‍മുറക്കാരാകാന്‍ ഭാഗ്യം കിട്ടുന്ന പ്രബോധകര്‍ മനുഷ്യസമൂഹത്തിലെ ഓരോ അംഗവും പരലോകത്തെ ഭയാനക ശിക്ഷകളില്‍ നിന്ന് മുക്തമായി ശാശ്വത സുഖം നേടണമെന്ന് ചിന്തിച്ച് അവസരങ്ങള്‍ സൃഷ്ടിച്ച് അവരെ സാരോപദേശം ചെയ്യും. അങ്ങനെ “നന്മയിലേക്ക് ക്ഷണിക്കുകയും നല്ല കാര്യങ്ങള്‍ കല്‍പ്പിക്കുകയും മോശമായതില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ നിന്നും ഉണ്ടാകട്ടെ” എന്ന ഖുര്‍ആനിക കല്‍പ്പനയെ സാര്‍ഥകമായി ഒരു വിഭാഗം മനുഷ്യര്‍ക്കിടയില്‍ എന്നും നിലനില്‍ക്കും. നാഥന്‍ നമുക്ക് തൗഫീഖ് നല്‍കട്ടെ.

Latest