‘ഞാന്‍ കോമാളിയാവുകയാണ്’ പുതിയ ക്യാമ്പയിനുമായി ഡോട്ട്

Posted on: July 9, 2014 9:47 pm | Last updated: July 9, 2014 at 9:47 pm

New Imageഅബുദാബി:ഗതാഗത വകുപ്പ് (ഡോട്ട്) ഇന്റീരിയല്‍ വകുപ്പും സംയുക്തമായി പൊതുജനങ്ങളെ ബോധവത്കരിക്കുവാന്‍ ‘ഞാന്‍ കോമാളിയാവുകയാണ്’ എന്ന തലക്കെട്ടില്‍ ക്യാമ്പയിന്‍ നടത്തുന്നു. പൊതുജനങ്ങള്‍ മദ്യം- മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നത് കാരണമുണ്ടാകുന്ന ഭവിഷ്യത്ത് ബോധവത്കരിക്കാനാണ് ക്യാമ്പയിന്‍. നഗരത്തിലെ പ്രധാന സ്ഥലങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ബസുകളിലാണ് ബോധവത്കരണം. 

സമൂഹത്തിന്റെ ഉയര്‍ന്ന നിലയിലുള്ളവരാണ് മയക്കുമരുന്നിനും മദ്യത്തിനും അടിമകളാകുന്നതില്‍ ഭൂരിഭാഗവും. ഇത് കുടുംബത്തില്‍ സൃഷ്ടിക്കുന്ന അരാജകത്വവും കുഴപ്പവും കുറവല്ലെന്ന് പൊതുഗതാഗത വകുപ്പ് ജനറല്‍ മാനേജര്‍ മുഹമ്മദ് നാസര്‍ അല്‍ ഉതൈബ വ്യക്തമാക്കി.
അബുദാബിയില്‍ ദിവസവും 80,000 യാത്രക്കാര്‍ ബസില്‍ യാത്ര ചെയ്യുന്നുണ്ട്. പൊതുജനങ്ങളെ ബോധവത്കരിക്കുവാന്‍ ബസ് ഏറ്റവും അനുയോജ്യം എന്ന് തിരഞ്ഞെടുക്കുവാന്‍ ഇതാണ് കാരണം. ബസില്‍ കൂടാതെ ദുബൈ, അബുദാബി നഗരങ്ങളിലെ പ്രധാന മാളുകള്‍, ടെലിവിഷന്‍, റേഡിയോ എന്നിവ മുഖാന്തിരവും പ്രചാരണം ശക്തമാക്കും. അബുദാബി സെക്യൂരിറ്റി മീഡിയയുമായി ചേര്‍ന്നാണ് പ്രചരണം നടത്തുന്നത്.