വിവര വിനിമയ സാങ്കേതിക വിദ്യക്ക് ഊന്നല്‍; ബ്രോഡ്ബാന്റ് വേഗത 15 മടങ്ങാക്കും

Posted on: July 9, 2014 8:00 pm | Last updated: July 9, 2014 at 8:06 pm

ദുബൈ: വിവര വിനിമയ സാങ്കേതിക മേഖലക്ക് (ഇന്‍ ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍സ് ടെക്‌നോളജി) ഊന്നല്‍ നല്‍കണമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിര്‍ദേശിച്ചു. മന്ത്രിസഭാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്.
ഐസിടി മേഖല ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും സ്പര്‍ശിക്കുന്നുണ്ട്. മനുഷ്യാവകാശം നില നിര്‍ത്താനും ഇത് സഹായിക്കുന്നു. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളുടെ വികസനത്തിന് ഐസിടിയുടെ കാര്യക്ഷമത സഹായകരമാകും- ശൈഖ് മുഹമ്മദ് പറഞ്ഞു. ശൈഖ് മുഹമ്മദിന്റെ നിര്‍ദേശ പ്രകാരം യു എ ഇ ഐ സി ടി വികസന സമിതി തയ്യാറാക്കിയ പദ്ധതികള്‍ മന്ത്രിസഭ അംഗീകരിച്ചു.
2021 ഓടെ 36 ആസൂത്രണങ്ങളാണ് നടപ്പാക്കേണ്ടത്. ഗുണമേന്മ, വേഗത, അടിസ്ഥാന സൗകര്യം തുടങ്ങിയവയാണത്.
ബ്രോഡ്ബാന്റിന്റെ വേഗത 15 ഇരട്ടി വര്‍ധിപ്പിക്കണം. സുരക്ഷിതമായ സര്‍വറുകളുടെ എണ്ണം 20 മടങ്ങാക്കണം. 2014നും 2021നും ഇടയില്‍ 45,000 തൊഴിലുകള്‍ ഉറപ്പുവരുത്തണമെന്നും പദ്ധതി നിര്‍ദേശിക്കുന്നു.