Connect with us

International

പൂര്‍ണ അധിനിവേശം ലക്ഷ്യമിട്ട് ഇസ്‌റാഈല്‍

Published

|

Last Updated

ഗാസ സിറ്റി: ഗാസ മുനമ്പ് പൂര്‍ണമായും പിടിച്ചടക്കുമെന്ന സൂചന നല്‍കി ഇസ്‌റാഈല്‍ ആക്രമണം ശക്തമാക്കി. ഗാസയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 2012ല്‍ എട്ട് ദിവസത്തെ വന്‍ ആക്രമണം നടത്തിയ ശേഷമുള്ള വലിയ ഇസ്‌റാഈല്‍ ആക്രമണമാണ് ഗാസയിലേത്. ഗാസ ഏതു നിമിഷവും പിടിച്ചടക്കാന്‍ സൈന്യം സന്നദ്ധമാണെന്നും എന്നാല്‍ അതിപ്പോള്‍ അനിവാര്യമല്ലെന്നും ഇസ്‌റാഈല്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. തീരദേശ പ്രദേശത്തെ 40 കിലോ മീറ്റര്‍ ചുറ്റളവിലുള്ള താമസക്കാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനും സൈന്യം നിര്‍ദേശിച്ചിട്ടുണ്ട്.
ഗാസ മുനമ്പ് ഭരിക്കുന്ന ഹമാസിനെതിരെയുള്ള പോരാട്ടമാണിതെന്നും അത് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കില്ലെന്നും പ്രതിരോധ മന്ത്രി മോശെ യാലോണ്‍ പറഞ്ഞു. ഗാസയിലെ 90 കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി കഴിഞ്ഞ ദിവസം രാത്രി വ്യോമ, നാവിക ആക്രമണങ്ങള്‍ നടത്തിയെന്നും ഇന്നലെ തുടര്‍ന്നതായും ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു. ഒരു വീട്ടിലെ ആറ് പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗാസ സിറ്റിയില്‍ ബോംബിംഗിനെ തുടര്‍ന്ന് കാറില്‍ സഞ്ചരിച്ച നാല് പേര്‍ കൊല്ലപ്പെട്ടു. ഗാസക്ക് പുറത്ത് ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
ഏതുവിധേനയും ആക്രമണം നടത്താന്‍ ഇസ്‌റാഈല്‍ പ്രതിരോധ സേന സന്നദ്ധമാകണം. ഗാസ പിടിച്ചടക്കണമെന്നതടക്കമുള്ള എല്ലാ സാധ്യതകളും ഉണ്ട്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. നാല്‍പ്പതിനായിരം സൈനികരെ വിന്യാസിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി സൈന്യം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നൂറിലേറെ റോക്കറ്റുകള്‍ ഇസ്‌റാഈലില്‍ പതിച്ചതായി സൈന്യം അവകാശപ്പെട്ടു. രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.
ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന സ്ഥലത്താണ് ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തിയത്. കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് കട്ടിയുള്ള പുക ഉയരുന്നത് കാണാമായിരുന്നെന്നും കുട്ടികളുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേള്‍ക്കാമായിരുന്നെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം മൂന്ന് ഇസ്‌റാഈല്‍ ചെറുപ്പക്കാരെ കാണാതായതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. ഇവരെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇതിന് പിന്നില്‍ ഹമാസെന്ന് ഇസ്‌റാഈല്‍ ആരോപിക്കുന്നു. ഹമാസ് ഇത് നിഷേധിച്ചിട്ടുണ്ട്. ഇതിന് പ്രതികാരമായി ഒരു സംഘം കിഴക്കന്‍ ജറുസലമില്‍ നിന്ന് ഫലസ്തീന്‍ കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്നു. മെയ് മാസം ഫലസ്തീനിലെ ഫതഹ് ഗ്രൂപ്പും ഹമാസും അനുരഞ്ജന കരാറില്‍ ഏര്‍പ്പെടുകയും ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കുകയും ചെയ്തതാണ് ഇസ്‌റാഈലിനെ യഥാര്‍ഥത്തില്‍ പ്രകോപിപ്പിച്ചത്.