എസ് വൈ എസ് റിലീഫ് ഡേ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Posted on: July 9, 2014 12:55 am | Last updated: July 8, 2014 at 11:55 pm

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം ഈ മാസം 11 ന് ആചരിക്കുന്ന റിലീഫ് ഡേയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
സംഘടനയുടെ ആറായിരത്തിലധികം വരുന്ന യൂനിറ്റ് ഘടകങ്ങള്‍ മുഖേന നടത്തുന്ന റമസാനിലെ തനതു റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ സംസ്ഥാന കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തൊട്ടാകെ പ്രവര്‍ത്തിക്കുന്ന സാന്ത്വനം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണമാണ് റിലീഫ് ഡേയിലൂടെ ലക്ഷ്യമിടുന്നത്.
ചികിത്സക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന മാറാരോഗികള്‍ക്ക് മരുന്നും ഡയാലിസിസ് ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കും പാവപ്പെട്ടവരുടെ വിവാഹത്തിനും തല ചായ്ക്കാന്‍ ഇടമില്ലാതെ ദുരിതം തിന്നു കഴിയുന്നവര്‍ക്ക് പുരയിടം നിര്‍മിക്കുന്നതിനുമെല്ലാമുള്ള മൂലധനമാണ് കരുണ വര്‍ഷിക്കുന്ന പുണ്യമാസത്തില്‍ എസ് വൈ എസ് റിലീഫ് ഡെയിലൂടെ സമാഹരിക്കുന്നത്. അന്നെ ദിവസം പള്ളികളും കവലകളും വീടുകളും കേന്ദ്രീകരിച്ച് ബക്കറ്റ് കലക്ഷനും നിശ്ചിത കൂപ്പണുകളും രശീതിയും ഉപയോഗിച്ച് പിരിവുകളും നടക്കും. യൂനിറ്റുകള്‍ക്ക് നിര്‍ണയിച്ചു നല്‍കിയ ടാര്‍ജറ്റുകള്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ രശീതി, കൂപ്പണ്‍, ലഘുലേഖ, സ്റ്റിക്കര്‍ എന്നിവ ഇതിനകം ജില്ല ക്ഷേമകാര്യ സമിതി മുഖേന യൂനിറ്റുകള്‍ക്ക് നല്‍കിക്കഴിഞ്ഞു. ഈ വര്‍ഷത്തെ റിലീഫ് ഡേ സമ്പൂര്‍ണമാക്കുന്നതിന് മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങണമെന്ന് പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി അഭ്യര്‍ഥിച്ചു.