Connect with us

Wayanad

ആറ് പട്ടികവര്‍ഗ ഹോസ്റ്റലുകള്‍ക്ക് 32 കോടിയുടെ കേന്ദ്രസഹായം അനുവദിച്ചു: മന്ത്രി പി കെ ജയലക്ഷ്മി

Published

|

Last Updated

കല്‍പ്പറ്റ: പട്ടികവര്‍ഗവികസന വകുപ്പിനു കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആറ് ഹോസ്റ്റലുകളുടെ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ 32.61 കോടി രൂപ അനുവദിച്ച് ഉത്തരവ് ലഭിച്ചതായി പട്ടികവര്‍ഗക്ഷേമ- യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു.
കേന്ദ്ര പട്ടികവര്‍ഗ്ഗ കാര്യ മന്ത്രാലയത്തില്‍നിന്ന് കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. മന്ത്രിയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് കേന്ദ്ര മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. ആദ്യഘഡുവായി 16.30 കോടി രൂപ അനുവദിച്ച് കിട്ടുകയും ചെയ്തു.
ഏകദേശം 600ല്‍ അധികം കുട്ടികളെ താമസിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായി 35.11 കോടി രൂപയുടെ പ്രപ്പോസല്‍ ആയിരുന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്.
ഇടുക്കി ജില്ലയിലെ ഇരുമ്പുപാലം പ്രീമെട്രിക് ബോയ്‌സ് ഹോസ്റ്റലിന് 2.5 കോടി രൂപ സംസ്ഥാന വിഹിതവും ചേര്‍ത്ത് അഞ്ച് കോടി രൂപ ചെലവില്‍ കെട്ടിടം നിര്‍മ്മിക്കും.
മറ്റ് അഞ്ച് ഹോസ്റ്റലുകളും നൂറുശതമാനം കേന്ദ്രസഹായത്തോടെയാണ് കെട്ടിടനിര്‍മ്മാണം നടത്തുന്നത്. ഇടുക്കി ജില്ലയിലെ വട്ടവട ഊര്‍ക്കാട് പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിനും പാലക്കാട് ജില്ലയിലെ അട്ടപ്പാടി പുത്തൂര്‍ ഹോസ്റ്റലിനും അഞ്ച് കോടി രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. ഇടുക്കി ജില്ലയിലെ ഇടമലക്കുടി പെട്ടിമുടി മള്‍ട്ടിപര്‍പ്പസ് ഗേള്‍സ് ഹോസ്റ്റലിന് 7.21 കോടി രൂപയും എറണാകുളം ജില്ലയിലെ കൊച്ചി ഫോര്‍ഷോര്‍ മള്‍ട്ടിപര്‍പ്പസ് ഗേള്‍സ് ഹോസ്റ്റലിന് 6.67 കോടി രൂപയും കുന്നത്തുനാട് മരംപള്ളി മള്‍ട്ടിപര്‍പ്പസ് ഗേള്‍സ് ഹോസ്റ്റലിന് 6.22 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
മുന്‍പ് അനുവദിച്ച കേന്ദ്രസഹായത്തില്‍ നാല് ഹോസ്റ്റലുകള്‍ക്കായി ലഭിക്കാനുണ്ടായിരുന്ന 3.18 കോടി രൂപയുടെ അവസാന ഘഡുവും ഇതോടൊപ്പം അനുവദിച്ചിട്ടുണ്ട്.

 

Latest