Connect with us

National

മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ അന്തിമവാദം ഈ മാസം 11 ന്

Published

|

Last Updated

ബംഗളൂരു: ബംഗളൂരു സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ അന്തിമവാദം ഈ മാസം 11 ന് നടക്കും. ചികിത്സ നല്‍കുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമെന്ന മഅ്ദനിയുടെ വാദത്തിന് എതിരായി ഇന്നലെ കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ശനിയാഴ്ച ഓപണ്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും സുപ്രീം കോടതി ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ വീണ്ടും സമര്‍പ്പിച്ചത്. പിന്നീട് ജാമ്യാപേക്ഷയില്‍ അന്തിമവാദം കേള്‍ക്കുന്നതിനായി ഈ മാസം 11 ലേക്ക് മറ്റുകയായിരുന്നു. ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് ശിവകീര്‍ത്തിസിംഗ് എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചികിത്സ ലഭിച്ചില്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി മഅ്ദനി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് സത്യവാങ്ങ്മൂലത്തിലുള്ളത്. മഅ്ദനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. ജാമ്യം ലഭിക്കാനായി ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മഅ്ദനി കളവു പറയുകയാണ്. ആവശ്യമായ എല്ലാ ചികിത്സയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. മഅ്ദനിയെ ചികിത്സക്ക് വിധേയമാക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ ബോധിപ്പിച്ചു. കര്‍ണാടകക്ക് വേണ്ടി രാജു രാമചന്ദ്രന്‍, അനിത ഷേണായി എന്നിവര്‍ ഹാജരായി. കഴിഞ്ഞ 30 ന് മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ കര്‍ണാടക സര്‍ക്കാറിന് സുപ്രീംകോടതി ഒരാഴ്ച സമയം അനുവദിക്കുകയായിരുന്നു.
നേത്ര ശസ്ത്രക്രിയ ചെയ്യാനാകും വിധം ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ തടസ്സമായത് ചികിത്സ നിഷേധിച്ചതാണെന്നും കാഴ്ച ശക്തി കുറയാന്‍ ഇത് കാരണമായിട്ടുണ്ടെന്നും മഅ്ദനി ഹരജിയില്‍ ബോധിപ്പിച്ചിരുന്നു. നേത്രശസ്ത്രക്രിയ ചെയ്യാനുള്ള ആരോഗ്യസ്ഥിതി വീണ്ടെടുത്തിട്ടില്ലെന്ന അഗര്‍വാള്‍ കണ്ണാശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കിയിരുന്നു. മഅ്ദനിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, അഡ്വ. ഹാരിസ് ബീരാന്‍ എന്നിവരാണ് ഹാജരാകുന്നത്.