മദ്യലഹരിയില്‍ കത്തിക്കുത്ത്

Posted on: July 8, 2014 1:00 am | Last updated: July 8, 2014 at 1:00 am

വണ്ടിത്താവളം: മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വഴക്കില്‍ കത്തിക്കുത്തില്‍ കലാശിച്ചു. ഗുരുതരമായ പരുക്കുകളോടെ യുവാവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏന്തല്‍പ്പാലം മണിയുടെ മകന്‍ സതീഷി(35)നാണ് വയറ്റില്‍ കത്തികൊണ്ട് കുത്തേറ്റത്. ഇന്നലെ ഉച്ചക്ക് രണ്ടിന് നന്ദിയോട് പുള്ളിമാന്‍ച്ചള്ളയില്‍ വെച്ചാണ് സംഭവം. പാറക്കാട്ടുച്ചള്ള മാരിമുത്തുവിന്റെ മകന്‍ ആറുമുഖ(37)നാണ് സതീഷിനെ കുത്തിയത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സുഹൃത്തുക്കളായ ഇരുവരും പുള്ളിമാന്‍ച്ചള്ളയില്‍ നിന്ന് മദ്യപിച്ച് ശേഷം ബൈക്കില്‍ ഏന്തല്‍പ്പാലത്തേക്ക് പുറപ്പെട്ടു. എന്നാല്‍, ബൈക്ക് ഓടിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കും വാക്കുതര്‍ക്കവും ഉന്തുംതള്ളും ആരംഭിച്ചു.
പ്രകോപിതനായി സതീഷ് ആറുമുഖനെ കല്ലുകൊണ്ടു കുത്തി മുറിവേല്‍പ്പിച്ചു. കോപാകുലനായ ആറുമുഖന്‍ സമീപത്തെ വീട്ടുമുറ്റത്തു നിന്ന് ലഭിച്ച കത്തിയെടുത്ത് സതീഷിനെ വയറ്റില്‍ കുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ സതീഷിനെ വിളയോടി സ്വാകര്യ ആശുപത്രിയിലും പിന്നീട് പാലക്കാട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തിനുശേഷം ആറുമുഖന്‍ ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പുതുനഗരം പോലീസിനെ ഏല്‍പ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.