Connect with us

National

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചതായി റിപ്പോര്‍ട്ട്

Published

|

Last Updated

ഗുവാഹത്തി: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചതായി റിപോര്‍ട്ട്. വടക്കുകിഴക്കന്‍ മേഖലയിലെ എട്ടില്‍ ആറ് സംസ്ഥാനങ്ങളിലാണ് അതിക്രമം കൂടിയിട്ടുള്ളത്. അസമിലാണ് അതിക്രമം ഏറ്റവും കൂടുതല്‍. എന്നാല്‍ മണിപൂര്‍, മിസോറാം സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കുറവ് രേഖപ്പെടുത്തിയതായി റിപോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ മൊത്തം സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ അസം ഏഴാം സ്ഥാനത്ത് നില്‍ക്കുന്നു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധന മരണങ്ങള്‍, ഭര്‍ത്താവിന്റെയും മറ്റ് ബന്ധുക്കളുടെയും ക്രൂരതക്ക് ഇരയായവര്‍ തുടങ്ങിയ കുറ്റങ്ങളാണ് അസമില്‍ നിന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2013ല്‍ 1,937 ബലാത്സംഗ കേസുകള്‍ അസമില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2012ല്‍ 1,716 കേസുകളാണ് പുറത്തുവന്നത്.
2013ലെ നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം ആന്ധ്രാപ്രദേശാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനം. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളാണ് ഒന്ന് മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങളില്‍. 2012ല്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്തത് പശ്ചിമ ബംഗാളിലായിരുന്നു.
കഴിഞ്ഞ വര്‍ഷം അസമില്‍ 13,544 കേസുകളാണ് റിപോര്‍ട്ട് ചെയ്തതെങ്കില്‍ ഈ വര്‍ഷം ഇതുവരെ 17,449 സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ത്രിപുരയില്‍ 1,559 ല്‍ നിന്ന് 1,628ലേക്കാണ് നിരക്ക് ഉയര്‍ന്നിരിക്കുന്നത്. മേഘാലയയില്‍ 255ല്‍ നിന്ന് 343 ലേക്കും അരുണാചല്‍ പ്രദേശില്‍ 201ല്‍ നിന്ന് 288ലേക്കും സിക്കിമില്‍ 68ല്‍ നിന്ന് 93ലേക്കും നാഗാലാന്‍ഡില്‍ 51ല്‍ നിന്ന് 67ലേക്കും നിരക്ക് ഉയര്‍ന്നു. അതേസമയം മണിപൂരില്‍ 304 കുറ്റകൃത്യങ്ങളാണ് കഴിഞ്ഞ വര്‍ഷം റിപോര്‍ട്ട് ചെയ്തതെങ്കില്‍ ഈ വര്‍ഷം അത് 285ലേക്ക് കുറഞ്ഞു. മിസോറാമില്‍ 199ല്‍ നിന്ന് 177ലേക്കും കുറവ് രേഖപ്പെടുത്തി.