ഏകീകൃത ഗതാഗത നിയമം ഉടന്‍

Posted on: July 5, 2014 8:58 pm | Last updated: July 5, 2014 at 8:58 pm

അബുദാബി: ഫെഡറല്‍ ട്രാഫിക് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തുടനീളം ഏകീകൃത ഗതാഗത നിയമവും ഏകീകൃത വേഗ പരിധിയും കൊണ്ടുവരും. ഇതിന്റെ ഭാഗമായി യുഎഇ റോഡുകളിലെ വേഗ നിയന്ത്രണത്തിനു നിലവിലുള്ള 20 കിലോ മീറ്റര്‍ വരെ അനുവദിക്കുന്ന അധിക വേഗ ബഫര്‍ സമീപഭാവിയില്‍ തന്നെ കുറക്കും.
അബുദാബി എമിറേറ്റിലാണ് നിയന്ത്രിത വേഗത്തേക്കാള്‍ മണിക്കൂറില്‍ 20 കിലോമീറ്റര്‍ എന്ന സ്പീഡ് ബഫര്‍ സംവിധാനം നിലവിലുള്ളത്. ഇത് എപ്പോള്‍ നിര്‍ത്തലാക്കുമെന്നതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും പ്രഥമ ഘട്ടമായി ഭാര വാഹനങ്ങള്‍ക്കും ബസുകള്‍ക്കും ടാക്‌സികള്‍ക്കുമാവും സ്പീഡ് ബഫര്‍ ആനുകൂല്യം ഒഴിവാക്കുകയെന്ന് ഫെഡറല്‍ ട്രാഫിക് കണ്‍ട്രോള്‍ തലവനും ദുബൈ ഗതാഗത വിഭാഗം ഡയറക്ടറുമായ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ സഫീന്‍ അറിയിച്ചു.
വാഹനങ്ങള്‍ക്കും ബസുകള്‍ക്കും മണിക്കൂറില്‍ അഞ്ച് മുതല്‍ 10 കിലോ മീറ്ററും ടാക്‌സികള്‍ക്ക് മണിക്കൂറില്‍ 10 മുതല്‍ 15 കിലോ മീറ്ററുമായി സ്പീഡ് ബഫര്‍ നിലവിലുള്ള പരിധി കുറക്കാനാണ് ആലോചിക്കുന്നത്. യുഎഇ എമിറേറ്റുകളില്‍ ഹൈവേകളില്‍ നിലനില്‍ക്കുന്ന വ്യത്യസ്തമായ വേഗ പരിധിയും റോഡ് ലൈന്‍ കുറയുന്നതും റോഡപകടം വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണമായി കണക്കാക്കുന്നു. വിവിധ എമിറേറ്റുകളില്‍ റോഡ് ഗതാഗത നിയമങ്ങളും ട്രാഫിക് സൂചനാ ബോര്‍ഡുകളും വേഗപരിധിയുമൊക്കെ വ്യത്യസ്തമാവുന്നത് പലപ്പോഴും ഡ്രൈവര്‍മാരില്‍ കടുത്ത ആശയക്കുഴപ്പമാണുണ്ടാക്കുന്നത്. ഏത് എമിറേറ്റ് റോഡിലെത്തുന്നവര്‍ക്കും ഒരേ വേഗനിയന്ത്രണത്തിലൂടെ വാഹനം ഡ്രൈവ് ചെയ്യാനാവുന്ന സാഹചര്യം ഉണ്ടാകേണ്ടതുണ്ട്.
നിലവില്‍ എമിറേറ്റുകളുടെ അതിര്‍ത്തികള്‍ കടക്കുമ്പോഴും റോഡ് ഗതാഗത നിയമങ്ങളില്‍ പ്രത്യേകിച്ച് വാഹനങ്ങളുടെ വേഗപരിധിയില്‍ ഉള്ള മാറ്റം പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നതോടൊപ്പം ഗുരുതരമായ റോഡപകടങ്ങള്‍ക്കുവരെ കാരണമാവുന്നുണ്ട്.
അബുദാബി നഗരാതിര്‍ത്തിയില്‍ സ്പീഡ് ബഫര്‍ ഇല്ലാത്ത പല ഭാഗങ്ങളുണ്ട്. സ്പീഡ് ബഫറുണ്ടെന്ന പ്രതീക്ഷയില്‍ 20 കിലോമീറ്റര്‍ അധികവേഗത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് ട്രാഫിക് പിഴ ലഭിക്കുമ്പോഴാണ് വേഗം കൂടിപ്പോയെന്നകാര്യം വ്യക്തമാവുന്നത്. വിവിധ എമിറേറ്റുകളിലെ നഗരാതിര്‍ത്തികളിലെ ട്രാഫിക് ലൈറ്റുകളിലെയും സൂചനാ ബോര്‍ഡുകളിലെയും അവ്യക്തതയും പലപ്പോഴും ഡ്രൈവര്‍മാര്‍ക്കു പ്രയാസമുണ്ടാക്കാറുണ്ട്. ഇതെല്ലാം ഏകീകൃത ഗതാഗത സംവിധാനത്തിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.