ഹോളണ്ടിനെ അട്ടിമറിക്കാന്‍ കോസറ്റാറിക്ക

Posted on: July 5, 2014 12:27 pm | Last updated: July 6, 2014 at 1:00 am

article-0-1F55F0F800000578-887_634x365മത്സരം രാത്രി 1.30ന് സോണി സിക്‌സില്‍

സാല്‍വദോര്‍: ആദ്യ ലോകകപ്പ് കി രീടം ലക്ഷ്യമിടുന്ന ഓറഞ്ച് പട. അവര്‍ക്ക് മുന്നില്‍, ഒന്നും നഷ്ടപ്പെടാനില്ലാത്ത കോസ്റ്റാറിക്ക. ബ്രസീല്‍ ലോകകപ്പിലെ ആവേശകരമായ മത്സരമാകും ഇവര്‍ തമ്മിലുള്ള ക്വാര്‍ട്ടര്‍. വലിയ പരീക്ഷണങ്ങള്‍ നേരിട്ടാണ് ഹോളണ്ടിന്റെ കുതിപ്പ്. കോസ്റ്റാറിക്കയും അനായാസം ക്വാര്‍ട്ടറിലെത്തിയവരല്ല. കഠിനാധ്വാനവും ആത്മസമര്‍പ്പണവും ഇരുടീമിനെയും ഫുട്‌ബോള്‍ പ്രേമികളുടെ ഇഷ്ടടീമുകളാക്കുന്നു.
സ്‌പെയിനിനെതിരെ ഒരു ഗോളിന് പിറകില്‍ നിന്ന് ശേഷം വാന്‍ പഴ്‌സിയുടെ പറക്കും ഹെഡ്ഡറില്‍ തിരിച്ചുവരവ് നടത്തിയ ഹോളണ്ട് പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. ആസ്‌ത്രേലിയ വിറപ്പിച്ചപ്പോഴും തിരിച്ചടിക്കാനുള്ള മനക്കരുത്ത് ലൂയിസ് വാന്‍ ഗാലിന്റെ ടീം പുറത്തെടുത്തു. പ്രീക്വാര്‍ട്ടറില്‍ മെക്‌സിക്കോയും ഞെട്ടിച്ചു. അവസാന ആറ് മിനുട്ടില്‍ രണ്ട് ഗോളുകള്‍ നേടി ഡച്ച് ടീം മത്സരം തങ്ങളുടെ വരുതിയിലാക്കിയതും മനോബലത്തിന്റെ കരുത്തില്‍. വാന്‍ പഴ്‌സി, ആര്യന്‍ റോബന്‍, ഡിര്‍ക് ക്യുയിറ്റ്, വെസ്‌ലെ സ്‌നൈഡര്‍ എന്നിങ്ങനെ മത്സരഗതി മാറ്റിമറിക്കാന്‍ പോന്നവര്‍ ഡച്ച് നിരയെ വ്യത്യസ്തമാക്കുന്നു.
കോസ്റ്റാറിക്കയുടെ സൂപ്പര്‍ താരം അവരുടെ കോച്ച് ജോര്‍ജ് ലൂയിസ് പിന്റോയാണ്. ഡച്ച് ഫുട്‌ബോളിനെ അടുത്തറിയുന്ന വ്യക്തിയാണ് പിന്റോ. എണ്‍പതുകളുടെ ആദ്യം കൊളോണ്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്ത് തന്നെ പിന്റോ ഡച്ച് ടോട്ടല്‍ ഫുട്‌ബോളിന്റെ വക്താവായ റിനസ് മിഷേലിന്റെ തന്ത്രങ്ങള്‍ അടുത്തറിഞ്ഞു. മിഷേല്‍സ് അന്ന് ജര്‍മന്‍ ബുണ്ടസ്‌ലിഗയില്‍ കൊളോണിന്റെ പരിശീലകനായിരുന്നു.
കോസ്റ്റാറിക്ക ടീമിനെ കുറിച്ച് ഡച്ച് താരങ്ങളായ റോബനും വാന്‍ പഴ്‌സിക്കും നല്ല അഭിപ്രായം. തീര്‍ച്ചയായും ലോകകപ്പിനെ വിസ്മയിപ്പിച്ച നിരയാണത്.
അവരെ വില കുറച്ച് കാണാനൊക്കില്ല – റോബന്‍ പറഞ്ഞു. ഗ്രീസിനെതിരെ ചുവപ്പ് കാര്‍ഡ് കണ്ട ഡിഫന്‍ഡര്‍ ഓസ്‌കര്‍ ഡുവാര്‍ടെ ഇല്ലാതെയാകും കോസ്റ്റാറിക്ക ഇറങ്ങുക.
ഗോളി കെയ്‌ലര്‍ നവാസ് പുറം വേദന കാരണം പരിശീലനത്തിനിറങ്ങിയിരുന്നില്ല. പക്ഷേ ഇന്ന് കളത്തിലിറങ്ങും. ഗ്രീസിനെതിരെ ഷൂട്ടൗട്ടില്‍ നവാസായിരുന്നു താരം.
സാധ്യതാ ഇലവന്‍
ഹോളണ്ട് : ജാസ്പര്‍ സിലിസെന്‍ (ഗോളി), ഡാറില്‍ ജന്‍മത്, സ്റ്റെഫാന്‍ ഡി വ്രിജ്, റോന്‍ വ്‌ലാര്‍, ബ്രൂണോ മാര്‍ട്ടിന്‍സ് ഇന്‍ഡി, ഡിര്‍ക് ക്യുയിറ്റ്, ഡാലെ ബ്ലിന്‍ഡ്, ജൊനാഥന്‍ ഡി ഗുസ്മാന്‍, വെസ്‌ലെ സ്‌നൈഡര്‍, റോബിന്‍ വാന്‍ പഴ്‌സി, ആര്യന്‍ റോബിന്‍.

കോസ്റ്റാറിക്ക : കെയ്‌ലര്‍ നവാസ് (ഗോളി), ക്രിസ്റ്റ്യന്‍ ഗാബോ, മിഷേല്‍ ഉമാന, ജിയാന്‍കാര്‍ലോ ഗോണ്‍സാലസ്, ജോണി അകോസ്റ്റ, ജൂനിയര്‍ ഡയസ്, ക്രിസ്റ്റ്യന്‍ ബൊലന്‍കോസ്, യെല്‍സിന്‍ തെജേദ, സെല്‍സോ ബോര്‍ഗസ്, ബ്രയാന്‍ റൂയിസ്, ജോയല്‍ കാംബെല്‍.