ബഷീറിയന്‍ കഥാപാത്രങ്ങള്‍ നാട്ടിലിറങ്ങി; നാട്ടുകാര്‍ക്ക് കൗതുകമായി

Posted on: July 5, 2014 8:05 am | Last updated: July 5, 2014 at 8:05 am

മഞ്ചേരി: ചേതനയറ്റ ബഷീറിയന്‍ കഥാപാത്രങ്ങള്‍ നഗരവീഥിയിറങ്ങിയത് നാട്ടുകാരില്‍ അമ്പരപ്പും കൗതുകവുമുളവാക്കി. ബേപ്പൂര്‍ സുല്‍ത്താന്റെ കഥാപാത്രങ്ങളായ ഒറ്റക്കണ്ണന്‍ പോക്കര്‍, എട്ടുകാലി മമ്മൂഞ്ഞ്, വിശ്വവിഖ്യാതനായ മൂക്കന്‍, സൈനബ, പൊന്‍കുരിശ് തോമ, ആനവാരി രാമന്‍നായര്‍ തുടങ്ങി നിരവധികഥാപാത്രങ്ങളാണ് ഏവരിലും കൗതുകമുളവാക്കി അവതരിക്കപ്പെട്ടത്.
ബഷീര്‍ ദിനത്തോടനുബന്ധിച്ച് മഞ്ചേരി ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി വിദ്യാര്‍ഥികളാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കഥാപാത്രങ്ങളുടെ വേഷമണിഞ്ഞത്. യാത്രക്കാരെ പരിചയപ്പെട്ടും സ്വയം പരിചയപ്പെടുത്തിയും ഇവര്‍ ബഷീറിനെക്കുറിച്ചുള്ള ബുക് ലെറ്റ് വിതരണം ചെയ്തു. ബഷീര്‍ ദിനാചരണത്തോടനുബന്ധിച്ച് ക്വിസ്, മാങ്കോസ്റ്റിന്‍ തൈ നടല്‍, ബഷീര്‍ പുസ്തക പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചു. സ്‌കൂളില്‍ ട്രെയ്‌നിംഗിനെത്തിയ അധ്യാപകരായ സലീം, അമീന്‍, അങ്കിത, നവാസ് നേതൃത്വം നല്‍കി.