Connect with us

International

അമേരിക്കയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു: പുടിന്‍

Published

|

Last Updated

മോസ്‌കോ: അമേരിക്കയുമായി നല്ല ബന്ധമാണ് ആവശ്യപ്പെടുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍. അമേരിക്കന്‍ സ്വാതന്ത്ര്യ ദിനത്തോടൊനുബന്ധിച്ച് അയച്ച സന്ദേശത്തിലാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും സിറിയന്‍, ഉക്രൈന്‍ വിഷയങ്ങളില്‍ വിരുദ്ധ പക്ഷത്താണ്.
വിയോജിപ്പുകളും പ്രയാസങ്ങളും മറന്ന് ഇരു രാജ്യങ്ങളും പുരോഗതിക്ക് വേണ്ടി ഒരുമിക്കണമെന്ന് പുടിന്‍ ആവശ്യപ്പെട്ടു. റഷ്യയും അമേരിക്കയും അന്താരാഷ്ട്ര സുരക്ഷക്കും നിലനില്‍പ്പിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരായതിനാല്‍ സ്വന്തം രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് മാത്രം പ്രധാന്യം നല്‍കാതെ സഹകരിക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. ഉക്രൈനിലെ റഷ്യന്‍ അനുകൂലികളുടെ ഭൂരിപക്ഷ പ്രദേശമായ ക്രിമിയയെ സ്വന്തം രാജ്യത്തോട് ചേര്‍ത്തതിനെ തുടര്‍ന്ന് അമേരിക്ക റഷ്യയുമായുള്ള സഹകരണം നിര്‍ത്തിവെച്ചിരുന്നു. അതോടൊപ്പം റഷ്യക്ക് മേല്‍ അന്താരാഷ്ട്ര ഉപരോധം നടപ്പാക്കുന്നതില്‍ അമേരിക്ക ശക്തമായി രംഗത്തുണ്ടാകുകയും ചെയ്തിരുന്നു. ഉക്രൈനില്‍ വിമതര്‍ക്ക് റഷ്യ നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ച് അമേരിക്ക കൂടുതല്‍ ഉപരോധങ്ങള്‍ കൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശീത യുദ്ധമാണ് ഇതെന്ന നിരീക്ഷണങ്ങള്‍ റഷ്യ നിഷേധിച്ചിട്ടുണ്ട്.