ഇറാഖ് സംഘര്‍ഷം: രമ്യാ ജോസിന്റെ വീട്ടുകാര്‍ക്ക് ഇനി ഉറക്കമില്ലാത്ത ദിവസങ്ങള്‍

Posted on: July 4, 2014 6:00 am | Last updated: July 4, 2014 at 12:18 pm

remya jose choorappadavuചെറുപുഴ: ഇറാഖ് സംഘര്‍ഷത്തില്‍ മനമുരുകി പുളിങ്ങോം ചൂരപ്പടവിലെ രമ്യയുടെ മാതാപിതാക്കള്‍. ഇറാഖിലെ തിക്രിതില്‍ നിന്നും വിമതര്‍ കടത്തികൊണ്ടു പോയ 46 മലയാളി നഴ്‌സുമാരിലൊരാളായ പുളിങ്ങോം ചൂരപ്പടവിലെ കുത്തൂടിയില്‍ രമ്യാ ജോസിന്റെ (27)മാതാപിതാക്കളാണ് കടുത്ത വേദനയില്‍ കഴിയുന്നത്. ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം ഒരു മണി വരെ രമ്യ മാതാപിതാക്കളെ വിളിച്ച് വിഷമിക്കേണ്ടന്ന് അറിയിച്ചിരുന്നു.
എന്നാല്‍ ബംഗളൂരുവിലുള്ള സഹോദരനെ വിളിച്ച് തങ്ങളെ വിമതര്‍ കൊണ്ടുപോകുകയാണെന്ന് അറിയിച്ചതോടെയാണ് മകളെക്കുറിച്ച് മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടായത്. തങ്ങള്‍ കഴിഞ്ഞിരുന്ന ആശുപത്രി സ്‌ഫോടനത്തില്‍ തകര്‍ത്തതായും എന്നാല്‍ ഞങ്ങള്‍ സുരക്ഷിതരാണെന്നും രമ്യ സഹോദരനോട് പറഞ്ഞിരുന്നു. മകള്‍ തിക്രിതില്‍ കുടുങ്ങിയ ദിവസം മുതല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെയും ഇറാഖിലെ എംബസി ഉദ്യോഗസ്ഥരേയും രമ്യയുടെ മാതാപിതാക്കള്‍ ബന്ധപ്പെടുന്നുണ്ടായിരുന്നു. ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിക്കുമ്പോഴും മകളുടെ വാക്കുകളില്‍ നിന്ന് സംഘര്‍ഷത്തിന്റെ രൂക്ഷത ഇവര്‍ക്ക് ബോധ്യമാകുന്നുണ്ടായിരുന്നു. ഡല്‍ഹി മെഡിസിറ്റി ആശുപത്രിയില്‍ നഴ്‌സായിരുന്ന രമ്യ 11 മാസം മുന്‍പാണ് ഇറാഖിലെത്തിയത്. ജൂലൈയില്‍ തിരികെ വന്ന് നാട്ടിലെവിടെയെങ്കിലും ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് യുദ്ധക്കെടുതിയില്‍പ്പെട്ട് രമ്യ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിമതരുടെ പിടിയിലായിരിക്കുന്നത്.