വിശുദ്ധ റമസാന്‍ കാരുണ്യത്തിന്റെ സുവര്‍ണ വസന്തം: ശാഫി സഖാഫി

Posted on: July 4, 2014 11:12 am | Last updated: July 4, 2014 at 11:12 am

കോഴിക്കോട്: വിശുദ്ധ റമസാന്‍ കാരുണ്യത്തിന്റെ സുവര്‍ണ വസന്തമാണെന്ന് പ്രഗത്ഭ വാഗ്മിയും പണ്ഡിതനും സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടറുടെ ശാഫി സഖാഫി മുണ്ടമ്പ്ര പ്രസ്താവിച്ചു. കോഴിക്കോട് ടൗണ്‍ ഏരിയ സുന്നി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കോഴിക്കോട് ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 16ാമത് വര്‍ഷിക റമസാന്‍ പ്രഭാഷണ വേദിയില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന, കത്തിയാളുന്ന വയറുമായി ദിനരാത്രങ്ങള്‍ ഞെരുങ്ങിയൊടുങ്ങുന്ന ജീവിതങ്ങളെ കുറിച്ചുള്ള മൂര്‍ച്ചയേറിയ ഓര്‍മപ്പെടുത്തലുകളാണ് വിശുദ്ധ റമസാനെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക എങ്കില്‍ ആകാശത്തിന്റെ അധിപന്‍ നിങ്ങളോടും കരുണ കാണിക്കും എന്ന പ്രവാചക വചനം കൂട്ടിവായിക്കുമ്പോള്‍ റമസാനിന്റെ മഹത്തായ സന്ദേശം സമ്പൂര്‍ണമാകുമെന്നും ശാഫി സഖാഫി കൂട്ടിച്ചേര്‍ത്തു.
സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് സ്വാലിഹ് തുറാബ് അസ്സഖാഫി അധ്യക്ഷത വഹിച്ചു. കൂളിമാട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രാര്‍ഥന നടത്തി. കണ്‍വീനര്‍ ഇല്‍യാസ് കുണ്ടുങ്ങല്‍ സ്വാഗതവും സാദത്ത് കുണ്ടുങ്ങല്‍ നന്ദിയും പറഞ്ഞു. ഈ മാസം അഞ്ചിന് നടക്കുന്ന പ്രാര്‍ഥനാ സംഗമത്തോടെ പ്രഭാഷണം സമാപിക്കും.