Connect with us

Kozhikode

റേഷന്‍ വിഹിതം വെട്ടിക്കുറച്ചു എഴിന് ജില്ലാ- താലൂക്ക് കേന്ദ്രങ്ങളില്‍ ധര്‍ണ

Published

|

Last Updated

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ റേഷന്‍ വിഹിതം വെട്ടിക്കുറച്ചതിനെതിരെ ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റേഷന്‍ വ്യാപാരികള്‍ ഈ മാസം ഏഴിന് സംസ്ഥാന വ്യാപകമായി കടകളടച്ച് ജില്ലാ – താലൂക്ക് കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. റേഷന്‍ വ്യാപാരികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുവദിക്കുന്നതുവരെ റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടപടികളുമായി സഹകരിക്കില്ലെന്ന് ആള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡിലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി മുഹമ്മദാലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാലവര്‍ഷം തുടങ്ങിയതോടെ റേഷന്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പാടെ തള്ളിക്കൊണ്ട് കേരളത്തിന് കേന്ദ്രം നല്‍കിയ അഡ്‌ഹോക്ക് അലോട്ട്‌മെന്റ് 33,000 ടണ്‍ ഭക്ഷ്യധാന്യം ജൂലൈ മുതല്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. ഇത് സംസ്ഥാനത്തെ 63 ലക്ഷത്തോളം വരുന്ന എ പി എല്‍ കാര്‍ഡുടമകളെയാണ് പ്രതികൂലമായി ബാധിക്കുന്നത്. എ പി എല്ലുകാര്‍ക്ക് മാസം പരമാവധി അഞ്ച് മുതല്‍ ആറ് കി.ഗ്രാം വരെ അരിയും ഒരു കി.ഗ്രാം ഗോതമ്പും ലഭിക്കുമ്പോള്‍ ബി പി എലുകാര്‍ക്കുള്ള അരിവിഹിതം 25 കിലോയില്‍ നിന്ന് 16 ആയി ചുരുങ്ങും. ഡീസല്‍, പെട്രോള്‍ വിലവര്‍ധനവ് മൂലമുള്ള വിലക്കയറ്റവും നേരിടേണ്ടിവരുന്നതോടെ റേഷന്‍ കടകള്‍ നോക്കുകുത്തികളാവുന്ന സാഹചര്യമുണ്ടാവുമെന്നും മുഹമ്മദാലി കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ എ കെ ആര്‍ ആര്‍ ഡി എ ഓര്‍ഗനൈസിംഗ് സെക്രട്ടറി പി പവിത്രന്‍, ജില്ലാ സെക്രട്ടറി കെ പി അശ്‌റഫ് സംബന്ധിച്ചു.