Connect with us

Kannur

അക്കാദമിക് നിലവാരം മോശമാകുമെന്ന് ആശങ്ക

Published

|

Last Updated

കണ്ണൂര്‍: വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തുള്‍പ്പടെ പ്രധാന തസ്തികകളിലെ ഒഴിവു നികത്താന്‍ നടപടിയില്ലാത്തത് അക്കാദമിക് നിലവാരത്തെ കാര്യമായി ബാധിക്കുമെന്ന് ആശങ്ക.
എ ഡി പി ഐ യുള്‍പ്പടെയുള്ള ഉയര്‍ന്ന തസ്തികകളിലെ ഒഴിവുകള്‍ നികത്താനാണ് അധ്യയനം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും തീരുമാനമുണ്ടാകാത്തത്. വിദ്യാഭ്യാസ വകുപ്പിലെ പ്രധാന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന രണ്ട് എ ഡി പി ഐ മാരുടെ ഒഴിവുകള്‍ നിലവിലുള്ളത് വകുപ്പിലെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി ഇതിനകം തന്നെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അതുപോലെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാരുടെ ഒഴിവുകളും നികത്തപ്പെടാതെ കിടക്കുകയാണ്. മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് ഡി ഡി ഇ മാരുടെ ഒഴിവുകളുള്ളത്. പകരം നിയമനമില്ലാത്തതിനാല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ചുമതല പി എ മാര്‍ക്കാണ് നല്‍കിയിട്ടുള്ളത്. പി എ മാര്‍ മിനിസ്റ്റീരിയല്‍ വിഭാഗക്കാരായതിനാല്‍ അക്കാദമിക് കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് പരിമിയുണ്ട്. അതുകൊണ്ട് തന്നെ ഡി ഡി ഇ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ഓഫീസര്‍മാരില്ലാത്തത് കാര്യമായി ബാധിക്കുന്നു.
41 ഡി ഇ ഒമാര്‍ വേണ്ടിടത്ത് നിലവില്‍ 19 പേര്‍ മാത്രമാണ് ഇപ്പോഴുള്ളത്. 14 ജില്ലകളിലായുള്ള ഡി ഇ ഒ മാരുടെ ഒഴിവുകള്‍ നികത്താത്തത് വിദ്യഭ്യാസ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 31ന് വിരമിച്ചവര്‍ക്ക് പകരം മെയ് മാസമാകുമ്പോഴേക്ക് തന്നെ പുതിയ നിയമനം സാധാരണയായി ഉണ്ടാകാറുണ്ടായിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രമോഷന്‍ കമ്മിറ്റിയുടെ യോഗം വിളിച്ചു ചേര്‍ക്കാത്തത് മൂലം പ്രമോഷന്‍ നല്‍കാന്‍ കഴിയാത്തതാണ് ഒഴിവുകളുടെ എണ്ണം കൂടാന്‍ കാരണമായത്.
പ്രധാന അധ്യാപകരുടെയും എ ഇ ഒ മാരുടെയുമായി 300 ലധികം ഒഴിവുകളും സംസ്ഥാനത്തെ വിവിധ ജില്ലകളിലായുണ്ട്. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരുടെ ഒഴിവ് നിലവില്‍ 196 ആണ്. ഈ വിഭാഗത്തില്‍ ആകെ ആയിരത്തോളം തസ്തികയാണുള്ളത്. 2012 ലാണ് പ്രിന്‍സിപ്പല്‍മാരെ ഏറ്റവും അവസാനമായി നിയമിച്ചത്. സീനിയോറിറ്റി ലീസ്റ്റ് തയ്യാറാക്കുന്നവരുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഒഴിവു നികത്തുന്നതിന് തടസമായി മാറിയത്. നേരത്തെ തയ്യാറാക്കിയ പട്ടികയില്‍ തിരിമറി നടത്തിയെന്ന ആക്ഷേപം കോടതി കയറിയിരുന്നു. മൂന്ന് തവണയെങ്കിലും ഇത്തരത്തില്‍ പട്ടിക തയ്യാറാക്കിയതിനെച്ചൊല്ലി പരാതിയുണ്ടായിരുന്നുവെന്നാണ് അധ്യാപക സംഘടനകള്‍ ആരോപിക്കുന്നത്. ഏറ്റവുമൊടുവില്‍ നാലാം തവണ തയ്യാറാക്കിയ ലീസ്റ്റിലും പരാതിയുണ്ടെന്ന സൂചനകള്‍ ചില സംഘടനകള്‍ ഉന്നയിച്ചിട്ടുണ്ടെന്നും അറിയുന്നു.
ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുമെന്ന ആശങ്ക ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് എളുപ്പം പരിഹാരം കാണാമെന്നിരിക്കെ ബന്ധപ്പെട്ടവര്‍ ഇതിന് കാര്യമായ പ്രാധാന്യം നല്‍കുന്നില്ലെന്നും പരാതിയുണ്ട്.

Latest