മലയാളി നഴ്‌സുമാര്‍ വിമത വലയത്തില്‍

Posted on: July 3, 2014 10:04 pm | Last updated: July 4, 2014 at 8:54 am

Iraq_militants_AFP_

ന്യൂഡല്‍ഹി/ ബഗ്ദാദ്: ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖിലെ തിക്‌രീത്തിലെ ആശുപത്രിയില്‍ കുടുങ്ങിയ ഇന്ത്യന്‍ നഴ്‌സുമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് സായുധ സംഘം മാറ്റി. ഇറാഖില്‍ ആക്രമണം നടത്തുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ഫോര്‍ ഇറാഖ് ആന്‍ഡ് ലെവന്തി (ഐ എസ് ഐ എല്‍- ഇസില്‍)ന് ശക്തമായ നിയന്ത്രണമുള്ള പ്രദേശമായ മൂസ്വിലിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. നഴ്‌സുമാര്‍ താമസിച്ചിരുന്ന ആശുപത്രിയില്‍ സ്‌ഫോടനം നടന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി.
മൂസ്വിലിലേക്കാണ് നഴ്‌സുമാരെ കൊണ്ടുപോയതെന്ന് നഴ്‌സുമാരിലൊരാള്‍ അറിയിച്ചു. നഴ്‌സുമാര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ സന്ദേശമയക്കാന്‍ സായുധ സംഘം അനുവദിച്ചിട്ടുണ്ട്. സായുധര്‍ തിക്‌രീത്ത് പിടിച്ചെടുത്തതിനു ശേഷം മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഴ്‌സുമാര്‍ ആശുപത്രിയില്‍ തന്നെ കഴിഞ്ഞുവരികയായിരുന്നു. നാല്‍പ്പത്തിയാറ് നഴ്‌സുമാരാണ് ആശുപത്രിയിലുണ്ടായിരുന്നത്. നഴ്‌സുമാരെ സായുധ സംഘം മറ്റൊരു കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇസില്‍ പ്രവര്‍ത്തകാരാണെന്ന കാര്യം വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല. പരുക്കേറ്റ സായുധ സംഘത്തിലെ പ്രവര്‍ത്തകരെ ചികിത്സിക്കുന്നതിനാണോ നഴ്‌സുമാരെ കൊണ്ടുപോയതെന്ന ചോദ്യത്തോടും മന്ത്രാലയ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
ഇന്ത്യന്‍ നഴ്‌സുമാര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നഴ്‌സുമാരോട് വാഹനത്തില്‍ കയറാന്‍ നിര്‍ദേശിച്ചെങ്കിലും അവരെ ഉപദ്രവിച്ചിട്ടില്ലെന്നും ഇന്ത്യന്‍ എംബസി അധികൃതരുടെ നിര്‍ദേശപ്രകാരമാണ് അവര്‍ പോയതെന്നും നഴ്‌സുമാരുടെ സുരക്ഷക്ക് പ്രാമുഖ്യം നല്‍കിയതുകൊണ്ടാണ് വിമതര്‍ക്കൊപ്പം പോകാന്‍ അനുമതി നല്‍കിയതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. നഴ്‌സുമാര്‍ താമസിച്ചിരുന്ന ആശുപത്രിയില്‍ ബോംബ് സ്‌ഫോടനം ഉണ്ടായെന്ന വാര്‍ത്ത അക്ബറുദ്ദീന്‍ നിഷേധിച്ചു. എന്നാല്‍, ചില നഴ്‌സുമാര്‍ക്ക് പരുക്കുകള്‍ പറ്റിയിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. നാല് പേര്‍ക്കാണ് പരുക്കേറ്റത്. ആശുപത്രിയിലെ ഗ്ലാസുകള്‍ തകര്‍ന്നാണ് പരുക്ക് പറ്റിയതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇറാഖില്‍ മൂന്നിടങ്ങളില്‍ ക്യാമ്പ് ഓഫീസുകള്‍ തുറന്നിട്ടുണ്ട്. ക്യാമ്പ് ഓഫീസുകളുമായി 1,500 പേര്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇറാഖിലുള്ള തൊള്ളായിരം ഇന്ത്യക്കാര്‍ ഇതുവരെ മടങ്ങിയിട്ടുണ്ട്. ഏറെ ഇന്ത്യക്കാരുള്ള കര്‍ബല നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ ഒഴിവാക്കിയതായും അക്ബറുദ്ദീന്‍ പറഞ്ഞു. ഇരുപത്തഞ്ച് പ്രത്യേക ഉദ്യോഗസ്ഥന്മാരാണ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത്.
അതേസമയം, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ മുപ്പതിനായിരം സൈനികരെ സഊദി അറേബ്യ വിന്യസിച്ചു. ഇസില്‍ ആക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളിലെ പോസ്റ്റുകള്‍ ഇറാഖി സൈന്യം ഒഴിഞ്ഞ സാഹചര്യത്തിലാണ് സൈന്യത്തെ സഊദി വിന്യസിച്ചത്. തീവ്രവാദ ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ എല്ലാവിധ സജ്ജീകരണങ്ങളും തയ്യാറാക്കാന്‍ അബ്ദുല്ല രാജാവ് ഉത്തരവിട്ടു.