Connect with us

Wayanad

ഡ്രൈ ഡേ ആചരണം: മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി

Published

|

Last Updated

കല്‍പ്പറ്റ: മഴക്കാല രോഗങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ നടത്തുന്ന ഡ്രൈ ഡെ ആചരണത്തിന്റെ ഭാഗമായി മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡി.എം.ഒ. ഡോ. നിതാ വിജയന്‍ അറിയിച്ചു.
കൊതുകുകള്‍ വളരുന്നതിന് സഹായകരമായ രീതിയില്‍ വെള്ളക്കെട്ട് സൃഷ്ടിക്കുന്ന വീട്ടുടമസ്ഥര്‍, സ്ഥാപന ഉടമകള്‍ എന്നിവര്‍ക്ക് പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് ഉടന്‍ നല്‍കും. കൊതുകുകള്‍ വളരുന്നതിനുള്ള ഉറവിടങ്ങള്‍ കുറയ്ക്കുന്നതിനും കൊതുക് ജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും ഡ്രൈഡേ ആചരണം ഫലപ്രദമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജൂലൈയിലും തുടരുന്നതിന് ആരോഗ്യ പ്രവര്‍ത്തകരുടെ ജില്ലാതല അവലോകന യോഗത്തില്‍ ഡി.എം.ഒ. നിര്‍ദ്ദേശം നല്‍കി.
തദ്ദേശഭരണ സ്ഥാപന പ്രതിനിധികളും ജീവനക്കാരും ആരോഗ്യ വകുപ്പ് ആശ, കുടുംബശ്രീ പ്രവര്‍ത്തകരുമടങ്ങുന്ന 1162 സംഘങ്ങളാണ് ജില്ലയില്‍ ഡ്രൈഡേ ആചരണത്തിന് നേതൃത്വം നല്‍കിയത്. വിവിധ സ്ഥലങ്ങളിലായി 55,940 വീടുകള്‍ സന്ദര്‍ശിച്ചു.
കൂത്താടികള്‍ വളരുന്നതായി കണ്ടെത്തുന്ന സ്ഥലങ്ങളില്‍ ഉറവിടങ്ങള്‍ നശിപ്പിക്കുകയും കിണറുകള്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ശുചീകരിക്കുകയും ചെയ്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബിജോയ്, ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. ജിതേഷ്, ജില്ലാ അര്‍ബന്‍ ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. അജയന്‍, ജില്ലാ ടി.ബി.ഓഫിസര്‍ ഡോ. സക്കീര്‍, ജില്ലാതല പ്രോഗ്രാം ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Latest