എച്ച് വണ്‍ എന്‍ വണ്‍ പ്രതിരോധ മരുന്നുകള്‍ എല്ലാ ആശുപത്രികളിലും സജ്ജം

Posted on: July 3, 2014 10:32 am | Last updated: July 3, 2014 at 10:32 am

മലപ്പുറം: എച്ച് വണ്‍ എന്‍ വണ്‍ തടയുന്നതിന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഡി എം ഒ. വി ഉമ്മര്‍ ഫാറൂഖിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. രോഗപ്രതിരോധത്തിനാവശ്യമായ മരുന്നുകള്‍ എല്ലാ ആശുപത്രികളിലും എത്തിച്ചതായി ഡി എം ഒ അറിയിച്ചു.
ഗര്‍ഭിണികള്‍ക്ക് പനിയോ ജലദോഷമോ കണ്ടാല്‍ ഒസള്‍ട്ടാമിവിര്‍ ഗുളിക (എച്ച് വണ്‍ എന്‍ വണ്‍ ഗുളിക) നല്‍കണമെന്ന് ഡി എം ഒ നിര്‍ദേശം നല്‍കി. ഗര്‍ഭിണികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ വരുന്നത് കൂടുതല്‍ അപകടകരമായതിനെ തുടര്‍ന്നാണ് നിര്‍ദേശം. ആശാപ്രവര്‍ത്തകര്‍ മുഖേനെ വീടുകളില്‍ സര്‍വെ നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. എച്ച് വണ്‍ എന്‍ വണ്‍ ലക്ഷണമുള്ളവരെ കണ്ടെത്തിയാല്‍ അവര്‍ക്കാവശ്യമായ മരുന്നും ഇവര്‍ നല്‍കും.
സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. എടപ്പാള്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഈമാസം 14നും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ 15നും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 16നും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 17നുമാണ് പരിശീലനം. അതത് സ്ഥലങ്ങളിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ പങ്കെടുക്കണമെന്ന് ഡി എം ഒ അറിയിച്ചു.